തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ആധുനികവത്കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വന്തം നിലയിൽ കെ.എസ്.ആർ.ടി.സി നടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സാമ്പത്തിക നിലയല്ല ഇപ്പോഴുള്ളത്. വാടകയ്ക്ക് എടുത്ത് ഇലക്ട്രിക് ബസുകൾ ഓടിക്കുന്നത് നഷ്ടം വരുത്തുന്നുണ്ടെന്നും ഗതാഗത മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
നിലവിൽ ഇലക്ട്രിക് ബസ് ഓടിക്കാൻ ഒരുകിലോമീറ്ററിന് 49 രൂപയാണ് ചെലവ് വരുന്നത്. എന്നാൽ ഇതിലൂടെയുള്ള വരുമാനം കിലോമീറ്ററിന് 38 രൂപ മാത്രമാണ്. അതുകൊണ്ടാണ് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു.
കെഎംആർഎല്ലിന് രണ്ട് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാൻ നൽകിയിട്ടുണ്ട്. ബാക്കിയുള്ള എട്ട് ബസുകൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല. ഇ-ബസ് നിരത്തിലിറക്കാൻ 2018ൽ സ്വകാര്യ കമ്പനിയുമായി 10 വർഷത്തേക്കാണ് കരാറിലെത്തിയത്.
നഷ്ടത്തിലായതിനാൽ ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നത് ഇനി പ്രയോജനം ചെയ്യില്ല. അതിനാൽ കരാർ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.