ലോകത്തിൻ്റെ നെറുകയിൽ ഇരുന്ന് ഇനി സിനിമ കാണാം: ലഡാക്കിൽ ആദ്യത്തെ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ പ്രവർത്തനമാരംഭിച്ചു

August 29, 2021
220
Views

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്ററായി ലഡാക്കിൽ ആദ്യത്തെ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ പ്രവർത്തനമാരംഭിച്ചു. ലോകസിനിമാചരിത്രത്തിൽ ഇടം പിടിച്ച ഈ തിയേറ്റർ രാജ്യത്തെ അതിവദൂരമേഖലകളിലുള്ളവർക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ലേയിലെ പൽദാനിൽ തിയേറ്റർ പ്രവർത്തനം ആരംഭിച്ചത്.

11,562 അടി ഉയരത്തിലാണ് തിയേറ്റർ സ്ഥിതി ചെയ്യുന്നത്. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് തുപ്സ്ഥാൻ ഷെവാങ്, പ്രശസ്ത സിനിമാതാരം പങ്കജ് ത്രിപാഠി ഉൾപ്പെടെയുള്ള പ്രമുഖർ സിനിമാശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ലഡാക്കിലെ ചാങ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിർമിച്ച ഹ്രസ്വചിത്രം സെകൂലും അക്ഷയ്കുമാർ നായകനായ ബെൽബോട്ടവും തിയേറ്ററിലെത്തിയ സൈനികർക്ക് വേണ്ടി പ്രദർശിപ്പിച്ചു.

സ്വകാര്യകമ്പനിയായ പിക്ചർ ടൈം ഡിജിപ്ലക്സാണ് തിയേറ്റർ സ്ഥാപിച്ചിരിക്കുന്നത്. കാറ്റ് നിറച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്റർ. 28 ഡിഗ്രി സെൽഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും, വായുസഞ്ചാരവും ക്രമീകരിക്കുന്നതിനായി എയർ കണ്ടീഷണറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് മിതമാണെന്നും ഇരിപ്പിടങ്ങൾ സൗകര്യപ്രദമായാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ മെഫാം ഒട്സൽ എഎൻഐയോട് പ്രതികരിച്ചു. കലയുടേയും സിനിമയുയേയും ലോകത്തിലേക്ക് ലഡാക്കിലെ ജനങ്ങൾക്കും ബന്ധപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ ഇത്തരമൊരു തിയേറ്റർ നൂതനവും വ്യത്യസ്തവുമായ അനുഭവമാണ് നൽകിയതെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു. ലേ പോലെയൊരു പ്രദേശത്ത് ഇതു പോലെയൊരു തിയേറ്റർ മനോഹരമായ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സിനിമകൾ കാണുന്നതിനുള്ള സൗകര്യം മാത്രമല്ല ലഡാക്കിലെ പ്രതിഭാശാലികൾക്ക് ലോകവുമായി ബന്ധപ്പെടാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പങ്കജ് ത്രിപാഠി പറഞ്ഞു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *