സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പന ശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി

July 13, 2021
144
Views

കൊച്ചി: സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പന ശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശം. ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ കോടതി സ്വമേധയ എടുത്ത കേസിലാണ് നിരീക്ഷണം.

തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സർക്കാർ കോടതിയിൽ അറിയിച്ചു. മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം ഉണ്ടാകുന്നതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവിൽപന ശാലകൾക്ക് മുന്നിൽ അഞ്ഞൂറിലധികം പേർ ക്യൂ നിൽക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ,കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ ജീവനക്കാർക്ക് ബെവ്‌കോ സർക്കുലർ നൽകിയിരുന്നു. ഇതിന് പിന്നാലെ ബാറുടമകളുമായി ചർച്ച നടത്തുകയും വെയർഹൗസ് നികുതി കുറയ്ക്കുകയും ചെയ്തിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *