തിരുവനന്തപുരം: ടിപിആർ കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്. നാളെയും മറ്റന്നാളും നടത്തുമെന്ന് അറിയിച്ചിരിക്കുന്ന പരീക്ഷകൾക്കു മാറ്റമില്ല. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.
രണ്ട് ദിവസവും സ്വകാര്യ ബസ് ഇല്ല. കെഎസ്‌ആർടിസി പരിമിത സർവീസുകൾ നടത്തും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇനി തിങ്കളാഴ്ച തുറക്കും. ടിപിആർ ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും. അടുത്ത ചൊവ്വാഴ്ച നടക്കുന്ന കൊറോണ അവലോകന യോഗത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഇന്നലെ തുറന്നു.
ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകൾ നടക്കും. സമീപമുള്ളവർക്കു മാനദണ്ഡങ്ങൾ പാലിച്ചു ദർശനം നടത്താം. സമ്പൂർണ ലോക്ഡൗണായതിനാൽ വാഹനങ്ങൾ അനുവദിക്കുകയില്ല.
ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറന്ന് പ്രവർത്തിപ്പിക്കാം. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. നിർമ്മാണമേഖലയിലുള്ളവർക്കു കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം. നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.