പെട്രോളിയം ഉല്പന്നങ്ങളുടെയും ഗാർഹിക സിലിണ്ടറിന്റെയും അനിയന്ത്രിതമായ വിലവർദ്ധനവിനെതിരെ കെ.സി.വൈ.എം. യുവജനങ്ങളുടെ നേതൃത്വത്തിൽ പൊതുനിരത്തിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം വിവിധ രൂപതാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന തല ഉത്ഘാടനം കെ.സി.വൈ.എം. കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിലും കെ.സി.വൈ.എം. തുയ്യം ഫെറോനയുടെ ആതിഥേയത്വത്തിലും സംഘടിപ്പിച്ചു. കൊല്ലം നഗരഹൃദയത്തിൽ നടന്ന പ്രതിഷേധ പരിപാടി റവ.ഫാ. ബിനു തോമസ് ഉത്ഘാടനം ചെയ്തു. സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ഇന്ധന പാചകവാതക വിലവർധനവിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി മുന്നോട്ടു വന്ന കെസിവൈഎം യുവജനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു എന്നും, തുടർപ്രതിഷേധങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ കെസിവൈഎം കൊല്ലം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, വൈസ് പ്രസിഡൻ്റ് മാനുവൽ ആൻ്റണി, ബിഷപ്പ് നോമിനി നിധിൻ എഡ്വേർഡ്, മിജാർക് ഏഷ്യ വുമൺസ് കമ്മീഷൻ ചെയർപേഴ്സൺ ഡെലിൻ ഡേവിഡ്, ആനിമേറ്റർ സിസ്റ്റർ മേരി രജനി, കെസിവൈഎം തുയ്യം ഫെറോന ജനറൽ സെക്രട്ടറി യേശുദാസ് ജസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ബ്രൂട്ടസ് ടെല്ലസ്, ട്രഷറർ ജോർജ് ലോറൻസ്, തുയ്യം യൂണിറ്റ് പ്രസിഡൻ്റ് റോഷൻ ബിജു തുടങ്ങിയവർ സംസാരിച്ചു.
പാചകവാതക വിലവർദ്ധനവിനെതിരെ കെ.സി.വൈ.എം അടുപ്പുകൂട്ടി പ്രതിഷേധിച്ചു
November 14, 2021