മാനന്തവാടിയില്‍ മാനസിക വൈകല്യമുള്ള ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം: കുടുംബ സുഹൃത്ത് പിടിയില്‍

January 30, 2022
75
Views

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ മാനസിക വൈകല്യമുള്ള ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. വിഷം കലര്‍ ത്തിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി.

എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകളായ റിനി 2021 നവംബര്‍ 20 നാണ് മരിച്ചത്. റിനിയുടെ അസ്വഭാവിക മരണത്തിന് പിന്നില്‍ ഓട്ടോ ഡ്രൈവറായ റഹീമാണെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഒളിവില്‍ പോയ റഹീമിനെ തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാനസിക വൈകല്യമുള്ള റിനിയെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് റഹീം കൊന്നതെന്ന് ലാബ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. റിനി മരിക്കുമ്പോൾ 5 മാസം ഗര്‍ഭിണിയായിരുന്നു. ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് വ്യക്തമായി.

മരിച്ച റിനിയുടെ കുടുംബവുമായി റഹീമിന് ഏറെ നാളത്തെ സൗഹൃദ ബന്ധമുണ്ടായിരുന്നു. മാനസിക വൈകല്യമുള്ള റിനിയേയും കുഞ്ഞിനേയും കൊന്നതിന് റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കുറ്റപ്പത്രം തയ്യാറാക്കുമെന്ന് പോലീസ് അറിയിച്ചു.

നേരത്തെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കായിരുന്നു റഹീം റിമാന്‍ഡിലായത്. മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും റഹീമിനെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, ഭ്രൂണഹത്യ, വൈകല്യമുള്ളവര്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകളും കൂട്ടിച്ചേര്‍ക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *