മണ്ണാർക്കാട് കൊലപാതകം: പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത് വിഷം കഴിച്ച്‌ മരിച്ച നിലയിൽ

July 13, 2021
334
Views

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവു വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തിനെ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. കൊലയ്ക്കുപയോഗിച്ച തോക്കും കണ്ടെടുത്തു.

തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്തിന് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവൽപുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പൻ മുഹമ്മദിന്റെ മകൻ സജീർ (പക്രു-24) വെടിയേറ്റു മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത്, പുത്തൻവീട്ടിൽ മഹേഷാണ് (30) വിഷം ഉള്ളിൽച്ചെന്ന് മരിച്ചത്.

കാവൽപുരയിൽ നിന്നു 300 മീറ്റർ മാറി പുഴയ്ക്കക്കരെ തെങ്ങിൻ തോപ്പിൽ അവശനിലയിൽ കണ്ടെത്തിയ മഹേഷിനെ ആദ്യം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു. സജീറിന്റെ ഇടതുവശത്തു വയറിന്റെയും നെഞ്ചിന്റെയും ഇടയ്ക്കാണു വെടിയേറ്റത്. വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന നാടൻ തോക്ക് മഹേഷ് കിടന്നതിനു സമീപത്തു കണ്ടെത്തി. മഹേഷിന്റെ അരയിൽ കത്തിയുമുണ്ടായിരുന്നു.

മഹേഷിന്റെ വാഴത്തോട്ടത്തിലെ കാവൽപുരയിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *