സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി

July 6, 2021
250
Views

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ സവർണർ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോർട്ട് ചെയ്യാൻ പോവുന്നതിനിടെ യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടതിന് ശേഷം ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യുപി സർക്കാരിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചപ്പോൾ സിദ്ദീഖ് കാപ്പന്റെ ജാമ്യം തടയാൻ യുപി പോലിസ് തടസ്സവാദങ്ങൾ ഉന്നയിച്ചു.

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാപ്പന് സിമി ബന്ധം ഉണ്ടെന്ന് യുപി പോലിസ് ആവർത്തിച്ചു. സാമുദായികകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുമായാണ് കാപ്പനും സംഘവും ഹാഥ്‌റസിലേക്കു പോയതെന്ന കള്ളം യുപി പോലിസ് കോടതിയിൽ ആവർത്തിച്ചു. സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹാഥ്‌റസിലേക്കു പോയതെന്ന വാദം അസത്യമാണെന്നും യുപി പോലിസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച്‌ മാധ്യമപ്രവർത്തകനെന്ന നിലയിൽ മാത്രമാണ് താൻ പ്രവർത്തിച്ചതെന്ന് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് കോടതിയെ അറിയിച്ചു.

സിദ്ദീഖ് കാപ്പൻ കഴിഞ്ഞ ഒമ്പതുമാസമായി അന്യായമായി ജയിലിൽ കഴിയുകയാണെന്നും അസുഖബാധിതയായ മാതാവ് കഴിഞ്ഞമാസം 18ന് മരണപ്പെട്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പൻ നിരപരാധിയാണ്. വാർത്താശേഖരത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു. കുറ്റപത്രം നൽകിയെങ്കിലും കുറ്റങ്ങൾ തെളിയിക്കാനായിട്ടില്ല. അതിനാൽ, ജാമ്യം നൽകണമെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മഥുര ജില്ലാ കോടതി ജഡ്ജി അനിൽകുമാർ പാണ്ഡെയാണ് കേസ് പരിഗണിച്ചത്.

സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്റെ വാദങ്ങൾ കേട്ട കോടതി യുപി സർക്കാരിന്റെ അഭിഭാഷകനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ സമയം വേണമെന്ന് അറിയിച്ചു. എന്നാൽ, ഇനിയും കൂടുതൽ നീണ്ടുപോവാതെ പരിഗണിക്കണമെന്ന സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെയാണ് കേസ് ഇന്ന് പരിഗണനയ്‌ക്കെടുത്തത്. സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിന് കാരണമായ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം മഥുര സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കോടതി തെളിവില്ലാത്തതിനാൽ ഇക്കഴിഞ്ഞ ജൂൺ 16ന് ഒഴിവാക്കിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *