തിരുവനന്തപുരം: മാവേലി എക്സ്പ്രസ് ട്രെയിനിൽ പൊലീസുകാരൻ മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ എന്ന് വിളിക്കുന്ന ഷമീറിനാണ് പൊലീസിൽ നിന്ന് മർദ്ദനമേറ്റതെന്ന് സ്ഥിരീകരിച്ചു. സ്ത്രീപീഡനക്കേസിലെ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കൂത്തുപറമ്പ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്.
യാത്രക്കാരനെ ബൂട്ടുകൊണ്ട് നെഞ്ചിൽ ചവിട്ടിയ സംഭവത്തിൽ തിങ്കളാഴ്ച എഎസ്ഐ എം സി പ്രമോദിനെ പൊലീസ് സേനയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയപ്പോഴാണ് ഇടപെട്ടതെന്നാണ് ഇന്നലെ ഇക്കാര്യത്തിൽ പൊലീസ് നൽകിയ വിശദീകരണം. മിനിഞ്ഞാന്ന് രാത്രി മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ മർദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരൻ കാലുകൾ കാണുന്ന തരത്തിൽ മുണ്ട് മാറ്റി പേഴ്സിൽ നിന്ന് ഒരു പേപ്പറെടുത്ത് തങ്ങൾക്ക് നേരെ കാണിക്കുന്നത് കണ്ട് ഭയപ്പെട്ടെന്നും അപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും ഒരു യാത്രക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷൻ പിന്നിട്ടപ്പോൾ കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം S2 കമ്പാർട്ട്മെന്‍റിലെത്തുകയായിരുന്നു. ട്രെയിനിനകത്തെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കേരളാ റെയിൽവേ പൊലീസ് സേനയിലെ അംഗമായ ഈ ഉദ്യോഗസ്ഥൻ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു