കോഴിക്കോട് : പരാതിക്കാരിയോട് വീണ്ടും കയര്‍ത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വിവാഹ തട്ടിപ്പുകാരനായ ഭര്‍ത്താവില്‍നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയോടാണ് ജോസഫൈന്‍ കയര്‍ത്ത് സംസാരിച്ചത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരിന്നു. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാല്‍ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേള്‍ക്കാന്‍ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞു.
രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാള്‍ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈന്‍ ചോദിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്ന് ജോസഫൈന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മറ്റൊരു പരാതിക്കാരിയോട് കൂടി ജോസഫൈന്‍ കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.