തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വീണ്ടും വിവാദത്തിലാണ്. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടയാളെ അപമാനിച്ചതാണ് പുതിയ വിവാദം. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം.
തുടക്കം മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് എം.സി.ജോസഫൈന്റെ ആദ്യ പ്രതികരണം. ഈ വിവാത്തോട് രോഷത്തോടെയാണ് ജോസഫൈന്റെ പ്രതികരണം.
പ്രകോപനം വേണ്ടെന്നും തന്നെ നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് അല്ലെന്നും ജോസഫൈന്‍ പറയുന്നു. സര്‍ക്കാരിന് എന്തു തീരുമാനവും എടുക്കാമെന്ന് ജോസഫൈന്‍ പറയുന്നു. അത് പൊലീസ് എടുക്കേണ്ട കേസാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. സ്വമേധയാ കേസെടുക്കണമെങ്കില്‍ പബ്ലിക്കിന് മുമ്ബില്‍ പറയണം. അതാണ് പറയാന്‍ ശ്രമിച്ചതെന്നും ജോസഫൈന്‍ പറയുന്നു.
ഇതിനിടെ അനുഭവിച്ചോളാന്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ താന്‍ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞില്ലെന്നും ആദ്യം പ്രതികരിച്ചു. പിന്നീട് താന്‍ തികഞ്ഞ ആത്മാര്‍ത്ഥയോടെ നല്ല ഉദ്ദേശത്തിലാണ് അങ്ങനെ പറഞ്ഞതെന്നും പ്രതികരിക്കുന്നു. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു. ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.