എംഡിഎംഎ കടത്തിയ കേസ്: മൊത്ത വിതരണക്കാരനെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

September 3, 2021
207
Views

കോഴിക്കോട്: പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ന്യൂജെൻ ലഹരി മരുന്ന് എം.ഡി.എം.എ. (മെത്തലിൽ ഡയോക്സി മെത്താംഫിറ്റമിൻ) പിടികൂടിയ കേസിലെ മൊത്ത വിതരണക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഡിഎംഎ കടത്തിയ കേസിലെ പ്രതികളുമായി തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മൊത്തവിതരണക്കാരനെ പൊലീസ് പിടികൂടിയത്. തമിഴ്നാട് ചെന്നൈ മുതലിപ്പേട്ട് സ്ട്രീറ്റിൽ റംസാൻ അലിയാണ്(35) പിടിയിലായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശനും സംഘവുമാണ് ചെന്നൈയിലെത്തി പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതി അൻവർ തസ്ലീമിനൊപ്പം കുവൈത്ത് ജയിലിൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ് ഇയാൾ. ദക്ഷിണേന്ത്യയിലെ മയക്കുമരുന്നിന്റെ പുതിയ ഹബ്ബ് ആയി മാറിയ ചെന്നൈയിലെ ട്രിപ്പ്ളിക്കെയിൻ എന്ന സ്ഥലത്ത് നിന്നുമാണ് ഇയാൾ മയക്കുമരുന്ന് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രിപ്പ്ളിക്കെയിനിൽ നിന്നും എം.ഡി.എം.എ സംഘം കടത്തിയിരുന്നു.

കടലോരമേഖലയായ മറീന ബീച്ചിനോട് ചേർന്ന് കിടക്കുന്ന നദിയിലൂടെയും, ഇടുങ്ങിയ വഴികളും തെരുവുകളും കോളനികളും നിറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജലമാർഗവും മയക്ക്മരുന്ന് കടത്ത് നടക്കുന്നത്. രാജ്യാന്തര മയക്ക് മരുന്ന് സംഘങ്ങൾ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ട്രിപ്പ്ളിക്കെയിൻ പ്രദേശത്തുള്ള ഒരാൾ വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്നതിനിടെയാണ് റംസാൻ അലി കുവൈത്ത് പൊലിസിന്റെ പിടിയിലായി ജയിലിലാവുന്നത്.

റംസാൻ അലി വഴി അൻവർ തസ്ലീമിനും മറ്റു പ്രതികൾക്കും മയക്ക്മരുന്ന് തമിഴ്നാട്ടിലെ കരൂർ എന്ന സ്ഥലത്ത് എത്തിച്ചു നൽകിയ തമിഴ്നാട് തിരുവാരൂർ സ്വദേശിയായ വിനോദ് കുമാർ എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടുന്നതിനായി എത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം നടന്നു. തിരുവാരൂരിലെത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ വിനോദ്കുമാറിന്റെ വീട് വളഞ്ഞെങ്കിലും ചേരി പ്രദേശത്തുള്ള നാട്ടുകാരുടെ സഹായത്തോടെ വിനോദ് രക്ഷപ്പെടുകയായിരുന്നു. പൊലീസ് സംഘത്തിനു നേരെ ആക്രമിച്ച സംഘം പൊലീസ് ജീപ്പ് കത്തിക്കാനും ശ്രമിച്ചു. മുൻകൂട്ടി അറിയിച്ചിട്ടും തിരുവാരൂർ പോലിസിന്റെ യാതൊരു സഹായവും ലിഭിച്ചില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം, നടത്തുമെന്നും എ.സി.പി. കെ. സുദർശൻ പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്.ഐ. ഷാജു വർഗീസ്, മുഹമ്മദ് ഷാഫി, സജി, വിജയൻ.എൻ എന്നിവരും ഉണ്ടായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *