പ്രമേഹ, ഹൃദ്രോഗ മരുന്നുകള്‍ക്ക് വില കുറച്ചു

May 18, 2024
38
Views

മലപ്പുറം: പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്, സാധാരണ ഉപയോഗിക്കുന്ന ഫിക്സഡ് ഡോസ് കോമ്ബിനേഷൻ ഉള്‍പ്പെടെ 41 മരുന്നുകളുടെ ചില്ലറ വില്‍പന വില കുറച്ചും ആറ് ഫോർമുലേഷനുകളുടെ വിലപരിധി നിശ്ചയിച്ചും ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) വിജ്ഞാപനമിറക്കി.

പ്രമേഹം, ശരീരവേദന, ഹൃദ്രോഗം, കരള്‍പ്രശ്നങ്ങള്‍, അണുബാധ, അലർജി, ദഹനപ്രശ്നം എന്നിവക്കുള്ള മരുന്നുകള്‍, മള്‍ട്ടി വിറ്റമിനുകള്‍, ആൻറിബയോട്ടിക്കുകള്‍ എന്നിവയുടെ വിലയാണ് കുറച്ചത്. മരുന്നിനെയും ഇൻസുലിനെയും ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ക്ക് ഇതേറെ ഗുണംചെയ്യും.

കരളിലെ ഗ്ലൂക്കോസ് ഉല്‍പാദനം കുറച്ച്‌ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ഗുളികകളുടെ വില 30 രൂപയില്‍നിന്ന് 16 രൂപയാക്കി.

ആസ്ത്മക്കുള്ള ബുഡെസോണൈഡ് ഫോർമോട്ടെറോള്‍ കോമ്ബിനേഷൻ 120 ഡോസുള്ള ഒരു ബോട്ടിലിന്‍റെ വില 794.40 രൂപയായി കുറച്ചു.

നേരത്തേ 3800 രൂപയായിരുന്നു വില. രക്തസമ്മർദത്തിനുള്ള ഹൈഡ്രോക്ലോറോത്തിയാസൈഡ് ഗുളിക ഇനി 10.45 രൂപക്ക് ലഭിക്കും. നേരത്തേ 11.07 രൂപയായിരുന്നു. അണുബാധക്കുള്ള സെഫ്‌റ്റാസിഡിം ആൻഡ് അവിബാക്‌ടം (സോഡിയം സാള്‍ട്ട്) പൗഡർ ഒരു വയലിന്‍റെ വില 4000 രൂപയില്‍നിന്ന് 1567 രൂപയായി നിജപ്പെടുത്തി. ഒരു മില്ലിക്ക് 2.57 രൂപയുണ്ടായിരുന്ന ആന്‍റാസിഡ് ആന്‍റി ഗ്യാസ് ജെല്‍ ഇനി 56 പൈസക്ക് കിട്ടും. അറ്റോർവാസ്റ്റാറ്റിൻ, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിൻ ക്യാപ്‌സ്യൂള്‍ എന്നിവയുടെ വില 30 രൂപയില്‍നിന്ന് 13.84 രൂപയായി നിജപ്പെടുത്തി. ഇബുപ്രോഫെൻ, പാരസെറ്റമോള്‍ ഗുളികയുടെ വില ആറു രൂപയില്‍നിന്ന് 1.59 രൂപയായി പുതുക്കി നിശ്ചയിച്ചു. വിലപരിധി നിശ്ചയിച്ച ഫോർമുലേഷനുകളില്‍ അർബുദത്തിനുള്ള ഓക്‌സാലിപ്ലാറ്റിൻ കുത്തിവെപ്പുമുള്‍പ്പെടും.

ഓക്‌സാലിപ്ലാറ്റിൻ കുത്തിവെപ്പിന്‍റെ വില 20 എ.എല്‍ വയലിന് 4979.68 രൂപയായി നിജപ്പെടുത്തി. കുത്തിവെപ്പിനുള്ള 1000 മില്ലിഗ്രാം ആൻറി ബാക്ടീരിയല്‍ മരുന്നായ ആംപിസിലിൻ പൗഡറിന്‍റെ വില കുപ്പി ഒന്നിന് 24.92 രൂപയായി നിശ്ചയിച്ചു.

ബീറ്റാ-ഹീമോലിറ്റിക് സ്ട്രെപ്റ്റോകോക്കല്‍, ന്യൂമോകോക്കല്‍ അണുബാധ ചികിത്സക്ക് ഉപയോഗിക്കുന്ന ക്ലാക്സസിലിൻ 250 മില്ലിഗ്രാം, 500 മില്ലിഗ്രാം ഗുളികകളുടെ പരിധിവില ഒന്നിന് യഥാക്രമം 1.41 രൂപയും 2.38 രൂപയുമാക്കി.

ഓറല്‍ റീഹൈഡ്രേഷൻ ലവണങ്ങളുടെ വില ഗ്രാമിന് 0.99 രൂപയായും വൻകുടല്‍ പുണ്ണിനുള്ള 5-അമിനോ സാലിസിലിക് ആസിഡിെന്‍റ ഒരു ടാബ്‌ലെറ്റിന് 7.92 രൂപയായും നിശ്ചയിച്ചു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *