എംജി സർവ്വകലാശാലയിൽ സംഘർഷം: എഐഎസ്എഫ് പ്രവ‍ർത്തക‍ർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പുതിയ പരാതിയുമായി എസ്എഫ്ഐ

October 23, 2021
566
Views

കോട്ടയം: എംജി സർവ്വകലാശാലയിൽ എഐഎസ്എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പുതിയ പരാതിയുമായി എസ്എഫ്ഐ. സംഘ‍ർഷത്തിനിടെ എഐഎസ്എഫ് പ്രവ‍ർത്തക‍ർ എസ്എഫ്ഐ പ്രവ‍ർത്തകയോട് അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവ‍ർത്തകരെ മ‍ർദ്ദിച്ചെന്നും ആരോപിച്ച് പൊലീസിൽ പരാതി നൽകി. എസ്എഫ്ഐയുടെ പരാതിയിൽ കോട്ടയം ​ഗാന്ധിന​ഗ‍ർ പൊലീസ് എഐഎസ്എഫ് പ്രവ‍ർത്തകർക്കെതിരെ കേസെടുത്തു. ഏഴ് എഐഎസ്എഫ് പ്രവ‍‍ർത്തകരെ പ്രതികളാക്കി രണ്ട് കേസുകളാണ് കോട്ടയം ​ഗാന്ധിന‍​​ഗർ പൊലീസ് കേസെടുത്തത്.

അതേസമയം തങ്ങൾ നൽകിയ കേസിനെ പ്രതിരോധിക്കാൻ മാത്രമാണ് എസ്എഫ്ഐ നേതാക്കളുടെ പരാതിയെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് ആരോപിച്ചു. എന്താണ് നടന്നതെന്ന് സംഭവസമയത്തെ ദൃശ്യങ്ങൾ കണ്ടാൽ വ്യക്തമാകും. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് എസ്എഫ്ഐ പരാതി നൽകുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് സംശയം.

എഐഎസ്എഫുകാർ മർദ്ദിച്ചതും വനിതാ പ്രവർത്തകയെ കടന്നു പിടിച്ചതും ഇപ്പോഴാണോ എസ്എഫ്ഐക്കാർ അറിഞ്ഞത്. കയറി പിടിച്ചതായി പരാതി നൽകിയത് ആ പെൺകുട്ടിയെങ്കിലും അറിഞ്ഞിട്ടുണ്ടോയെന്നും എഐഎസ്എഫ് കോട്ടയം ജില്ലാ സെക്രട്ടറി നന്ദു ജോസഫ് പരിഹസിച്ചുകൊണ്ട് പറഞ്ഞു.

എഐഎസ്എഫ് പ്രവർത്തകയുടെ പരാതിയിൽ എസ്എഫ്ഐ പ്രവ‍ർത്തക‍ർ ജാതീയമായി അധിക്ഷേപിച്ചതായി പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയം ഡിവൈഎസ്പി തന്നെ കേസ് നേരിട്ട് അന്വേഷിക്കും എന്നാണ് സൂചന. ജാതീയ അധിക്ഷേപം നടന്നതായി തെളിയുന്ന കേസുകളിൽ ഡിവൈഎസ്പി തലത്തിലെ ഉദ്യോ​ഗസ്ഥ‍ർ അന്വേഷിക്കണമെന്ന ചട്ടമനുസരിച്ചാണ് ഇത്.

അതേസമയം എസ്എഫ്ഐ – എഐഎസ്എഫ് വിഷയത്തിൽ സിപിഐ നേതാക്കൾ ഇപ്പോഴും മൗനം തുടരുകയാണ്. ഇതിനിടെ വിഷയത്തിൽ മൗനം പാലിക്കുന്ന സിപിഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് രം​ഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മകളെ പോലെ സംരക്ഷിക്കേണ്ട വനിതാ പ്രവ‍ർത്തകയോട് ഇത്രയും അപമര്യാദയായി എസ്എഫ്ഐ പ്രവ‍ർത്തകർ പെരുമാറിയിട്ടും എങ്ങനെയാണ് സിപിഐ നേതാക്കൾക്ക് നിശബ്ദരായി ഇരിക്കാൻ സാധിക്കുന്നതെന്ന് സതീശൻ ചോദിച്ചു.

സതീശൻ്റെ രൂക്ഷവിമ‍ർശനത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ സിപിഐ സംസ്ഥാന കൗൺസിൽ അം​ഗം അഡ്വ.വി.ബി.ബിനു രം​ഗത്ത് എത്തി. കൊടിയിൽ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നെഴുതി പാവപ്പെട്ട ചെറുപ്പക്കാരെ തല്ലുന്ന പരിപാടി എഐഎസ്എഫിനില്ലെന്നും തങ്ങളുടെ സംഘടന സമര ചരിത്രമുള്ള സംഘടനയാണെന്ന് ഓർക്കണമെന്നും വി.ബി ബിനു പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *