ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ സെഞ്ച്വറി നേടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടിലെ വോട്ടെടുപ്പ് ഏപ്രില്‍ 19, 26 തീയതികളിലായിട്ടാണ് നടന്നത്.
ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ സംഘടിപ്പിച്ച ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്ബോഴും രണ്ട് രാജകുമാരന്മാരുടെയും അക്കൗണ്ടുകള്‍ ഇതുവരെ തുറന്നിട്ടില്ല. രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുളള തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും രാമക്ഷേത്ര നിര്‍മാണം വൈകിപ്പിച്ചപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ടാണ് ബിജെപി അത് ചെയ്തതെന്നും ഷാ പറഞ്ഞു. വോട്ട് ബാങ്കിനെ ഭയന്നാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും രാമക്ഷേത്രത്തില്‍ പോകാത്തതെന്നും ഷാ പരിഹസിച്ചു.
രാമഭക്തര്‍ക്ക് എതിര് നില്‍ക്കുന്നവര്‍ക്കും രാമക്ഷേത്രം പണിതവര്‍ക്കും ഇടയിലാണ് ഈ തിരഞ്ഞെടുപ്പ്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടും ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തപ്പോള്‍ രാഹുല്‍ ബാബ പറഞ്ഞത് ചോര പുഴ ഒഴുകുമെന്നാണ്. പക്ഷേ മോദിയുടെ ഭരണമായത് കൊണ്ട് ഒരു ഉരുളന്‍ കല്ല് പോലും അനങ്ങിയില്ല. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നത് തുടരും. സ്വജനപക്ഷപാതം പരാജയപ്പെടുത്തി മോദിയെ വിജയിപ്പിക്കണമെന്നും ഷാ പറഞ്ഞു. മോദി 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്ന് കരകയറ്റിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.