തിരുവനന്തപുരം: സാമൂഹ്യസുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഡോ മുഹമ്മദ് അഷീലീനെ മാറ്റിയതായി റിപ്പോർട്ട്. അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെയാണ് അഷീലിനെ മാറ്റിയത്. അഷീലിന്റെ തന്നെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന.
അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അഷീലിന്‍റെ കാലാവധി പുതുക്കാന്‍ വകുപ്പ് തയ്യാറായില്ല. സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജിന് താല്‍ക്കാലിക ചുമതല നല്‍കും. തിരികെ ആരോഗ്യവകുപ്പിലേക്ക് തന്നെയാണ് ഡോ മുഹമ്മദ് അഷീല്‍ പോകുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ അഷീല്‍ സാമൂഹ്യസുരക്ഷാ മിഷനിലേക്ക് എത്തുന്നത്. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും ബോധവത്ക്കരണ വീഡിയോകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും വലിയ രീതിയില്‍ അഷീലിന് ജനപിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞു.
കൊറോണ മഹാമാരിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വേണ്ടവിധത്തില്‍ ധാരണയില്ലാതിരുന്ന ആശങ്കയുടെ ഒരു ഘട്ടത്തില്‍ ഡോ അഷീലിന്റെ ബോധവത്ക്കരണ വീഡിയോകള്‍ വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങളും അഷീല്‍ ആരോഗ്യവകുപ്പിന് വേണ്ടി നടത്തിയിട്ടുണ്ട്.