മോൻസൺ കേസ് : അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

October 14, 2021
203
Views

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ച് വരുത്തുന്നത്. അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും.

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനിരയായവർ ഇനിയും ഒരുപാട് പേരുണ്ടെന്ന് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന അനിത പുല്ലയിൽ നേരത്തെ പറഞ്ഞിരുന്നു. മോൻസണിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസണെ സംശയിക്കാൻ തുടങ്ങിയതെന്നും ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ പറഞ്ഞു.

മോൻസണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടലാണെന്ന് അനിത പുല്ലയിൽ വ്യക്തമാക്കിയിരുന്നു.
ഇറ്റലിയിലെ റോമിൽ കഴിയുന്ന തൃശൂർ സ്വദേശിനിയാണ് അനിത പുല്ലയിൽ. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അനിത പുല്ലയിൽ. കഴിഞ്ഞ മൂന്ന് വർഷമായി മോൻസൺ മാവുങ്കലിനെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ അറിയാമെന്ന് അനിത പറഞ്ഞു. മോൻസന്റെ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും താൻ ആകൃഷ്ടയായിട്ടുണ്ടെന്ന് അനിത പറഞ്ഞു. എന്നാൽ മോൻസന്റെ ചില പെരുമാറ്റങ്ങൾ തന്നിൽ സംശയം ജനിപ്പിച്ചിരുന്നുവെന്ന് അനിത പറയുന്നു.

പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് അനിത. പ്രവാസി മലയാളി സംഘടനയിലേക്ക് അനിത എത്തുന്നതിന് മുൻപ് തന്നെ മോൻസൺ സംഘടനയുടെ ഭാഗമായിരുന്നു. സംഘടനയിലെ പ്രവർത്തകരാണ് അനിതയ്ക്ക് മോൻസണെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

എന്നാൽ വളരെ വൈകിയാണ് മോൻസണിനുള്ളിലെ തട്ടിപ്പുകാരനെ കുറിച്ച് അനിത അറിയുന്നത്. മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നതിനിടെയാണ് ലോക്‌നാഥ് ബെഹ്ര ഡോക്ടറെ ഒന്ന് കരുതണമെന്നും, സൂക്ഷിക്കണമെന്നും അനിത പുല്ലയിലിനോട് പറഞ്ഞിട്ടുണ്ട്.
മോൻസണെ കുറിച്ച് കേട്ട കാര്യങ്ങളെല്ലാം താൻ മോൻസണോട് നേരിട്ട് ചോദിച്ചിട്ടുണ്ട്.

എന്നാൽ ഈ ചോദ്യങ്ങളിൽ നിന്ന് മോൻസൺ ഒഴിഞ്ഞ് മാറുകയായിരുന്നു. പലയാളുകളിൽ നിന്നും മോൻസൺ പണം തട്ടിച്ചിട്ടുണ്ടെന്ന കാര്യം അനിത അറിയുന്നത് വളരെ വൈകിയാണ്. നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന യാക്കൂബ്, ഷെമീർ അടക്കമുള്ള ആറംഗ സംഘത്തെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് അനിതയാണ്.

പരാതിപ്പെടാൻ തയാറുള്ളവരുടെ ഒപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും പണം നഷ്ടപ്പെട്ട പലരും മുന്നോട്ട് വരാൻ തയാറായില്ലെന്നും അനിത പറയുന്നു. ഈ വിഷയങ്ങളിൽ പലതും തനിക്ക് അറിയാമായിരുന്നിട്ടും മാധ്യമങ്ങളുമായി പങ്കുവയ്ക്കാനോ, പൊലീസിൽ പരാതിപ്പെടാനോ ഉള്ള സാഹചര്യം ഇല്ലായിരുന്നുവെന്നും അനിത പുല്ലയിൽ പറഞ്ഞു.

ആരൊക്കെയാണ് മോൻസൺ മാവുങ്കലിന്റെ കൈയാളായി നിന്നിട്ടുള്ളത്, ആരുടെയൊക്കെ സഹായത്തോടെയാണ് മോൻസൺ ഇത്ര വലിയ തട്ടിപ്പ് സാമ്രാജ്യം പടുത്തുയർത്തിയത് എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ അനിതയ്ക്ക് സാധിച്ചില്ല. മോൻസന്റെ മാനേജർ എന്ന് പരിചയപ്പെടുത്തിയിരുന്ന നിധി ശോശാ കുര്യൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിയുമെന്നും അനിത പുല്ലയിൽ പറഞ്ഞു.

അനിത പുല്ലയിലിന്റെ സ്വാധീനം കൊണ്ടാണ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൻസൺ മാവുങ്കലിനെതിരെ നടപടിയെടുക്കാൻ വൈകിയതെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തയെ അനിത പുല്ലയിൽ പൂർണമായും നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ടോ, മോൻസൺ മാവുങ്കലിന് വേണ്ടിയോ താൻ ഒരു തരത്തിലുള്ള ഇടപെടലുകളോ സ്വാധീനമോ ചെലുത്തിയിട്ടില്ലെന്നും അനിത വ്യക്തമാക്കി. മോൻസണ് മാവുങ്കലിന് ഒരു തരത്തിലുള്ള ബന്ധമോ, സൗഹൃദമോ സ്ഥാപിക്കാൻ വേണ്ടി ഒരു ഇടനിലക്കാരിയുടെ വേഷം താൻ കെട്ടിയിട്ടില്ലെന്നും അനിത പുല്ലയിൽ വ്യക്തമാക്കിയിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *