മൂന്നാർ: മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനില്‍ കൂട്ടത്തോടെ കടുവകള്‍ ഇറങ്ങി. നാല് ദിവസം മുമ്ബാണ് ഇവിടെ കടുവകള്‍ ഇറങ്ങിയത്.
കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വന അതിർത്തിയിലാണ് മൂന്ന് കടുവകള്‍ എത്തിയത്. പ്രദേശത്തുള്ള തോട്ടം തൊഴിലാളികളാണ് പ്രദേശത്ത് കടുകളെ കണ്ടത്.
മാസങ്ങളായി ഇവിടെ പശുക്കളെ വന്യമൃഗങ്ങള്‍ ആക്രമിക്കുന്ന സംഭവങ്ങളുണ്ട്. കടുവകളാണ് വന്യ മൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് വന അതിർത്തിയില്‍ തേയിലത്തോട്ടങ്ങളോട് ചേർന്ന് കടുവകള്‍ സഞ്ചരിക്കുന്നത് നാട്ടുകാരുടെ കണ്ണില്‍പ്പെട്ടത്. ഇപ്പോള്‍ കടുവകളെ കണ്ട പ്രദേശം ജനവാസ മേഖല അല്ലെങ്കിലും അവിടെ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ ജനവാസ മേഖലയാണ്.
എന്നാല്‍, കണ്ടെത്തിയത് കടുവകളെയാണെന്ന് വനംവകുപ്പ് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. ഇതിന് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇപ്പോള്‍ കടുവയെ കണ്ടതിന് രണ്ട് ദിവസം മുമ്ബ് ഒരു പശുവിനെ വന്യ മൃഗങ്ങള്‍ ആക്രമിച്ച് കൊന്നിരുന്നു. കടുവകളുടെ ആക്രമണത്തിലാണ് പശുക്കള്‍ ചാവുന്നതെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി വനം വകുപ്പില്‍ നിന്ന് ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.