മുംബൈ: ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്ത 96 ശതമാനം കൊറോണ രോഗികളാണ് മുംബൈ നഗരത്തിൽ ഉള്ളത്. അതിൽ പലർക്കും ഓക്സിജൻ കിടക്ക വേണ്ടിവന്നു. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കമ്മീഷണർ ഇക്ബാൽ ഛഹൽ വ്യക്തമാക്കിയതാണ് ഇക്കാര്യം.
മുംബൈയിലെ 186 ആശുപത്രികളിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഓക്സിജൻ കിടക്കകൾ വേണ്ടിവന്നവരിൽ 96 ശതമാനം പേരും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്. വാക്സിനെടുത്തവർക്ക് കൊറോണ ബാധിച്ചാലും തീവ്രപരിചരണ വിഭാഗ (ഐസിയു) ത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവിധം രോഗം മൂർഛിക്കില്ലെന്നാണ് നിലവിലെ സ്ഥിതിയിൽ കാണാൻ കഴിയുന്നത്. എന്നാൽ, ഒമിക്രോൺ വകഭേദത്തെ സാധാരണ പനിപോലെ ആരും നിസാരമായി കാണരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൊറോണ വാക്സിൻ എടുക്കാത്തപക്ഷം ഒമിക്രോൺ ബാധ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലെത്താം.
ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുകയും ഓക്സിജൻ കിടക്കകളുടെ ആവശ്യം പെട്ടെന്ന് വർധിക്കുകയും ചെയ്താൽ മാത്രമെ മുംബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കൂ. മുംബൈയിൽ നിലവിൽ ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകൾ ഉണ്ടെങ്കിലും പത്ത് ടൺ ഓക്സിജൻ മാത്രമെ ഇതുവരെ ഉപയോഗിക്കേണ്ടി വന്നൊള്ളൂ. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ബിഎംസി ഓക്സിജൻ സ്വന്തമായി ഉത്പാദിപ്പിച്ചിരുന്നില്ല.
എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. 400 ടൺ ഓക്സിജനാണ് ബിഎംസി സംഭരിച്ചിട്ടുള്ളത്. ഇതിൽ 200 ടൺ ബിഎംസി സ്വന്തമായി ഉത്പാദിപ്പിച്ചതാണ്. ഇതിൽതന്നെ പത്ത് ടൺ ഓക്സിജൻ മാത്രമാണ് ഇതുവരെ ഉപയോഗിക്കേണ്ടിവന്നത്. ആശുപത്രികളിലേക്കും കൊറോണ രോഗികളുടെ കുത്തൊഴുക്കില്ല. നിലവിൽ മുംബൈയിലെ 84 ശതമാനം ആശുപത്രി കിടക്കകളിലും രോഗികളില്ലെന്നും അദ്ദേഹം പറഞ്ഞു.