പാരമ്പര്യ വൈദ്യൻ്റേ കൊലപാതകം: പ്രതികൾ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതായി തെളിവുകൾ

May 12, 2022
89
Views

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബത്തേരി സ്വദേശി നൗഷാദിനെ കോടതിയിലെത്തിച്ചു. കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം പൊലീസ് തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികൾ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തതായി തെളിവുകൾ കിട്ടിയിട്ടുണ്ട്.

ആത്മഹത്യയെന്ന് തോന്നുന്ന വിധത്തിൽ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് ഭിത്തിയിൽ ഒട്ടിച്ച ചാർട്ടിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്‍റെ ലാപ്ടോപിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്.

നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദ് പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സംശയങ്ങൾക്ക് ഇട നൽകാതെ ആത്മഹത്യയെന്ന് തോന്നിക്കുന്ന വിധത്തിൽ രണ്ട് പേരെ എങ്ങനെ കൊലപ്പെടുത്താമെന്നാണ് ഭിത്തിയിൽ പതിപ്പിച്ച ചാർട്ടിലുള്ളത്.

മുഖ്യ പ്രതി ഷൈബിൻ അഷറഫിൻ്റെ കൂട്ടാളിയായ കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയാണിതെന്നാണ് വിവരം. കൃത്യത്തിൽ പങ്കെടുക്കുന്നവർക്ക് ആസൂത്രണ സമയത്ത് തന്നെ ജോലികൾ നിശ്ചയിച്ചു നൽകിയതായി പുറത്തു വന്ന ചാർട്ടിൽ നിന്ന് വ്യക്തമാണ്. തെളിവുകൾ നശിപ്പിക്കാനും വിശദമായ പദ്ധതി രേഖയിലുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published.