സുഹൃത്തിനെ പത്തിലധികം തവണ തലയ്ക്കടിച്ചു, കൊന്ന് കനാലില്‍ തള്ളി: മോഷണകേസുമായി ബന്ധപ്പെട്ട പ്രതികളെ കുറിച്ചുള്ള വിവരം നൽകിയതിലെ പ്രതികാരം

August 25, 2021
198
Views

ചക്കരക്കല്ല് (കണ്ണൂർ): ചക്കരക്കല്ലിലെ പ്രശാന്തിനിവാസിൽ ഇ.പ്രജീഷ് (33) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനാറിപ്പോർട്ട്. ഇരുമ്പുദണ്ഡ് പോലുള്ള മാരകായുധമുപയോഗിച്ചുള്ള പത്തിലധികം അടി തലയിലേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

കേസിൽ അറസ്റ്റിലായ പനയത്താംപറമ്പ് കല്ലുള്ളതിൽ ഹൗസിൽ സി.പി.പ്രശാന്തനെ (40) തലശ്ശേരി സി.ജെ.എം. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഒന്നാംപ്രതി മിടാവിലോട് സ്വദേശി പൊതുവാച്ചേരിയിലെ കൊല്ലറോത്ത് അബ്ദുൾഷുക്കൂർ (43) സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.

മരഉരുപ്പടികൾ മോഷ്ടിച്ച കേസിൽ പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പിനായി പ്രശാന്തനെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി തുടങ്ങി. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.

ഉത്രാടത്തലേന്ന് കാണാതായ പ്രജീഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പെരളശ്ശേരി പഞ്ചായത്തിലെ പൊതുവാച്ചേരി കനാലിൽ ജീർണിച്ച നിലയിലാണ് കണ്ടെത്തിയത്. ഒളിവിൽപ്പോയ അബ്ദുൾഷുക്കൂർ തന്നെയാണ് മൃതദേഹം തള്ളിയ സ്ഥലം പോലീസിനെ വിളിച്ചറിയിച്ചത്. മറ്റൊരാളുടെ ഫോണിൽനിന്നാണ് വിളിച്ചത്. ആ ഫോൺ ഉപയോഗിക്കുന്നയാളെ പോലീസ് തിരയുന്നുണ്ട്.

പ്രജീഷും പ്രശാന്തനും ഷുക്കൂറും സുഹൃത്തുക്കളാണ്. മൗവഞ്ചേരിയിലെ നിർമാണത്തിലുള്ള വീട്ടിൽനിന്ന് ജൂലായ് 11-ന് മരം ഉരുപ്പടികൾ മോഷണം പോയ സംഭവത്തിൽ പ്രജീഷ് ഉൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റ് ഒൻപതിന് അബ്ദുൾഷുക്കൂർ, പൊതുവാച്ചേരി മാക്കുന്നത്ത് ഹൗസിൽ എ.റിയാസ് (36) എന്നിവരെ അറസ്റ്റ് ചെയ്തു. മരം ഉരുപ്പടികൾ കടത്തിയ കേസിൽ താൻ പിടിയിലാവാൻ കാരണം പ്രജീഷ് പോലീസിന് നൽകിയ മൊഴിയാണെന്ന് വിശ്വസിച്ച ഷുക്കൂർ ജാമ്യത്തിലിറങ്ങിയശേഷം ഇതിന് പ്രതികാരംചെയ്യാൻ തീരുമാനിച്ചു.

ഉത്രാടത്തലേന്ന് ഷുക്കൂറിന്റെ ആവശ്യപ്രകാരം പ്രശാന്തനാണ് പ്രജീഷിനെ വിളിച്ചു വരുത്തിയത്. ചക്കരക്കല്ലിലെ ബാറിന് പിന്നിൽ മണ്ണെടുത്ത വിജനമായ സ്ഥലത്തുവെച്ച് മൂന്നുപേരും അന്ന് അർധരാത്രി മദ്യപിച്ചു. പോലീസിന് മൊഴി നൽകിയ കാര്യം മദ്യലഹരിയിൽ പ്രജീഷ് സമ്മതിച്ചുവെന്നും തുടർന്ന് ഷുക്കൂർ നേരത്തേ കരുതിവെച്ച ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം കനാലിൽ തള്ളാൻ സഹായിച്ചിട്ടില്ലെന്നാണ് പ്രശാന്തന്റെ മൊഴി. ഇതിന് മറ്റാരുടെയെങ്കിലും സഹായം ഷുക്കൂറിന് ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് തീവെച്ച കേസിലെ പ്രതിയാണ് ഷുക്കൂർ. കേസിൽ പങ്കുള്ളതായി കണ്ടെത്താത്തതിനാൽ റിയാസിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു.

കേസിന്റെ പുരോഗതി വിലയിരുത്താൻ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ ചക്കരക്കല്ല് സ്റ്റേഷനിൽ എത്തി. കൊല നടന്നതായി പറയുന്ന സ്ഥലം ചൊവ്വാഴ്ച വിരലടയാള വിദഗ്ധർ പരിശോധിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയശേഷം പ്രജീഷിന്റെ മൃതദേഹം ചൊവ്വാഴ്ച പയ്യാമ്പലത്ത് സംസ്കരിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *