തിരുവനന്തപുരം: മുട്ടിൽ വനംകൊള്ളക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ.ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ വനംവകുപ്പിന്റെ ശുപാർശ. വനം പിസിസിഎഫിന്റെ ശുപാർശ ചീഫ് സെക്രട്ടറിക്ക് കൈമാറി. സാജൻ മരംമുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.
ചീഫ് സെക്രട്ടറി ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുട്ടിൽ മരം കൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനംവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് എൻ ടി സാജൻ. വയനാട്ടിൽ നിന്നും മുറിച്ച മരം പിടിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കള്ളക്കേസിൽ കുടുക്കാനും സാജൻ നീക്കം നടത്തിയെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. റേഞ്ച് ഓഫീസർ സമീർ സാജനെതിരെ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരെത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.
അതേസമയം വനം മന്ത്രി എകെ ശശീന്ദ്രൻ സാജനെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സസ്‌പെൻഷന് ശുപാർശ ചെയ്തുള്ള വിവരവും പുറത്തുവരുന്നത്. നേരത്തെ ആരോപണ വിധേയനായ സാജനും മന്ത്രിയും ഒരേവേദി പങ്കിട്ട ചിത്രം പുറത്തുവന്നത് വിവാദമായിരുന്നു.
കൂടാതെ വനംവകുപ്പ് മന്ത്രിയായി എ.കെ ശശീന്ദ്രൻ ചുമതലയേറ്റതിന് പിന്നാലെ കോഴിക്കോട് എത്തിയ അദ്ദേഹം ആദ്യം കണ്ട ഉദ്യോഗസ്ഥരിൽ ഒരാൾ എൻ.ടി സാജനാണ്. എന്നാൽ കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ആരായാലും ശിക്ഷിക്കപ്പെടുമെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം.