ന്യൂഡല്‍ഹി: ഒളിമ്ബിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് പുരുഷ ജാവലിന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി നീരജ് ചോപ്ര. റാങ്കിങ്ങില്‍ തന്റെ മുന്നിലുണ്ടായിരുന്ന 14 പേരെയാണ് നീരജ് മറികടന്നത്. ഒളിമ്ബിക്‌സില്‍ മത്സരിക്കുന്നതിന് മുന്‍പ് പട്ടികയില്‍ 16ാം സ്ഥാനത്തായിരുന്നു 23കാരനായ നീരജ്. ഒളിമ്ബിക്‌സ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് നീരജ്. ജാവലിന്‍ 87.58 ദൂരം എറിഞ്ഞാണ് നീരജ് ഒളിമ്ബിക്‌സ് സ്വര്‍ണ മെഡല്‍ എന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കിയത്.
ജര്‍മ്മനിയുടെ ജൊഹന്നാസ് വെട്ടര്‍ മാത്രമാണ് നിലവില്‍ റാങ്ക് പട്ടികയില്‍ നീരജിന് മുന്നിലുള്ളത്. 1396 പോയിന്റാണ് വെട്ടറിനുള്ളത്. 2021ല്‍ ഏഴ് തവണ 90 മീറ്ററിലധികം ദൂരം ജാവലിന്‍ പായിച്ച താരമാണ് വെട്ടര്‍. എന്നാല്‍ ഇത്തവണത്തെ ഒളിമ്ബിക്‌സില്‍ മികച്ച ദൂരം കണ്ടെത്താന്‍ വെട്ടറിനായില്ല. പോളണ്ടിന്റെ മാര്‍കിന്‍ ക്രുകോവ്‌സ്‌കി (1302) മൂന്നാം സ്ഥാനത്തും, യാക്കൂബ് വദ്‌ലെജ് (1298) നാലാം സ്ഥാനത്തും, ജര്‍മ്മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1291) അഞ്ചാം സ്ഥാനത്തുമായി പട്ടികയില്‍ ഇടം നേടി.