ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും നീരജ് ചോപ്ര.
ലുസെയ്സ്; ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും നീരജ് ചോപ്ര. ലുസെയ്ൻ ഡയമണ്ട് ലീഗില്‍ ജാവലിൻത്രോയില്‍ ഒന്നാം സ്ഥാനം നേടി.
87.66 മീറ്റര്‍ എറിഞ്ഞായിരുന്നു താരത്തിന്റെ കുതിപ്പ്. ഡയമണ്ട് ലീഗില്‍ നിലവിലെ ചാംപ്യനായ നീരജ് ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഒന്നാംസ്ഥാനം നേടുന്നത്.
പരുക്കിനെത്തുടര്‍ന്ന് ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് കളത്തിലിറങ്ങിയത്. എതിരാളികളുടെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് വിജയക്കൊടി പാറിച്ചത്. ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തില്‍ 83.5 മീറ്റര്‍ പിന്നിട്ടു. മൂന്നാം ഊഴത്തില്‍ 85.04 മീറ്റര്‍ എറിഞ്ഞ് പട്ടികയില്‍ രണ്ടാമതായി. അഞ്ചാം ഊഴത്തിലാണ് ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്.
രണ്ടാംസ്ഥാനം നേടിയ ജര്‍മനിയുടെ ജൂലിയൻ വെബറും (87.03 മീറ്റര്‍), മൂന്നാംസ്ഥാനം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജും (86.13 മീറ്റര്‍) അവസാന നിമിഷംവരെ നീരജിന് വെല്ലുവിളിയുയര്‍ത്തി. അതിനിടെ പുരുഷ ലോങ്ജംപില്‍ മത്സരിച്ച മലയാളി താരം എം.ശ്രീശങ്കര്‍ അഞ്ചാംസ്ഥാനത്തായി. മലയാളി താരത്തിന് ഒരു തവണ പോലും 8 മീറ്റര്‍ പിന്നിടാനായില്ല. മൂന്നാം ശ്രമത്തില്‍ ചാടിയ 7.88 മീറ്ററായിരുന്നു മത്സരത്തില്‍ ശ്രീശങ്കറിന്റെ മികച്ച പ്രകടനം.