സൂറിച്ച് സൂറിച്ച് ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ ലോക ചാമ്ബ്യൻ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്.
സൂറിച്ച് സൂറിച്ച് ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ ലോക ചാമ്ബ്യൻ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. മലയാളി താരം എം ശ്രീശങ്കര്‍ അഞ്ചാമതായി.
ജാവലിൻ ത്രോയില്‍ 85.71 മീറ്റര്‍ എറിഞ്ഞാണ് രണ്ടാം സ്ഥാനം. ലോക മീറ്റില്‍ വെങ്കലം നേടിയ ചെക്ക് താരം ജാകൂബ് വാഡില്‍ജക് 85.86 മീറ്ററോടെ ഒന്നാമതായി. അഞ്ചാമതുണ്ടായിരുന്ന നീരജ് നാലാമത്തെ ഏറിലാണ് കുതിച്ചത്. ആദ്യത്തേത് 80.79 മീറ്ററായിരുന്നു. അടുത്തത് രണ്ടും ഫൗളായി. 85. 22 മീറ്റര്‍ താണ്ടിയ നാലാമത്തെ ഏറില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ചാമത്തേത് പാഴായപ്പോള്‍ അവസാന ത്രോ മെച്ചപ്പെട്ടെങ്കിലും ജാകൂബിനെ മറികടക്കാനായില്ല. ലോക ചാമ്ബ്യൻഷിപ്പില്‍ 88.17 മീറ്ററോടെയാണ് സ്വര്‍ണം നേടിയത്. ജര്‍മനിയുടെ ജൂലിയൻ വെബര്‍ 85.04 മീറ്ററോടെ മൂന്നാമതായി.
ലോങ്ജമ്ബില്‍ ലോക ചാമ്ബ്യൻ ഗ്രീസിൻ്റെ മില്തിയാഡിസ് ടെന്റോഗ്ലു 8.20 മീറ്റര്‍ ചാടി ഒന്നാമതെത്തി. ജമൈക്കയുടെ തജയ് ഗെയ്ല്(8.07), അമേരിക്കയുടെ ജാറിസണ് ലോസണ്(8.05) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ചെക്ക് താരം റെഡക് ജുസ്ക 8.04 മീറ്ററോടെ നാലാമതായി.
അഞ്ചാമതെത്തിയ ശ്രീശങ്കറിന് ചാടാനായത് 7.99 മീറ്റര്‍. ആദ്യ ചാട്ടത്തിലെ ഈ ദൂരം മെച്ചപ്പെടുത്താൻ പിന്നീട് സാധിച്ചില്ല. വനിതകളുടെ 100, 200 മീറ്ററുകളില്‍ ലോക ചാമ്ബ്യൻമാര് ഒന്നാമതെത്തി. വേഗക്കാരി അമേരിക്കയുടെ ഷകാറി റിച്ചാര്‍ഡ്സനെ വെല്ലാനാളില്ലായിരുന്നു. 200 മീറ്ററില്‍ ജമൈക്കയുടെ ഷെറീക ജാക്സനാണ് ഒന്നാം സ്ഥാനം. പുരുഷന്മാരുടെ 200 മീറ്ററില്‍ ലോക ചാമ്ബ്യൻ നോഹ ലെയ്ല്‍സ് ഒന്നാമതെത്തി.