നാട്ടുവൈദ്യൻ്റേ കൊലപാതകം: പ്രതികളായ ഷൈബിനും സംഘത്തിനും മറ്റു കൊലപാതകങ്ങളിലും ബന്ധമുണ്ടെന്ന് സംശയം

May 12, 2022
94
Views

കോഴിക്കോട്: നിലമ്പൂരില്‍ നാട്ടുവൈദ്യനെ തടവില്‍ പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷൈബിനും സംഘത്തിനും മറ്റുചില കൊലപാതകങ്ങളിലും ബന്ധമുണ്ടെന്ന് സംശയം. വൈദ്യന്റെ കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പോലീസിന് ലഭിച്ച ചില ദൃശ്യങ്ങളിലാണ് മറ്റു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. പുതിയ ചില തെളിവുകള്‍ ലഭിച്ചതോടെ ഷൈബിന്റെ സുഹൃത്തായിരുന്ന കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണത്തിലും സംശയം ബലപ്പെടുകയാണ്. ഹാരിസിന്റേത് ആത്മഹത്യയല്ലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

2020 മാര്‍ച്ചിലാണ് ഹാരിസിനെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഹാരിസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മഹല്ല് സെക്രട്ടറി ടി.പി. അഹമ്മദ് കുട്ടി ഹാജി ആവശ്യപ്പെട്ടു. ഹാരിസും ഷൈബിനും സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും അകന്നു. ഇതിനൊപ്പം ഹാരിസിന്റെ കുടുംബത്തിന് നേരേ ക്വട്ടേഷന്‍ ആക്രമണവുമുണ്ടായി. ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ബസ് സര്‍വീസുകള്‍ നോക്കിനടത്തിയിരുന്ന വ്യക്തിക്ക് നേരേ ഗുണ്ടാ ആക്രമണമുണ്ടായി. എന്നാല്‍ ഈ കേസ് പിന്നീട് ഒതുക്കിതീര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.

ഷൈബിന്റെ കൂട്ടാളിയും വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ നൗഷാദ് പോലീസിന് കൈമാറിയ പെന്‍ഡ്രൈവിലാണ് ഹാരിസിന്റെ മരണത്തിലും സംശയമുണര്‍ത്തുന്ന തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. നൗഷാദ് ചിത്രീകരിച്ച ഒരു വീഡിയോയില്‍ ഹാരിസിനെ എങ്ങനെ കൊല്ലണമെന്നതിന്റെ വ്യക്തമായ പദ്ധതിയുടെ വിശദാംശങ്ങളുണ്ട്. പദ്ധതിയുടെ ഓരോ ഘട്ടവും കടലാസില്‍ പ്രിന്റെടുത്ത് ചുമരില്‍ ഒട്ടിച്ചതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് ഇത് ചിത്രീകരിക്കുന്നതെന്നാണ് നൗഷാദ് വീഡിയോയില്‍ പറയുന്നത്. ഇത് കണ്ടാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും ആവശ്യം വന്നാലേ ഈ വീഡിയോ പുറത്തുവിടുകയുള്ളൂവെന്നും നൗഷാദ് പറയുന്നു. തുടര്‍ന്നാണ് എങ്ങനെയാണ് കൊലപാതകം നടത്തേണ്ടതെന്ന് വിശദീകരിക്കുന്ന പ്രിന്റുകള്‍ വീഡിയോയില്‍ കാണിക്കുന്നത്. നിരവധി പേജുകളിലായാണ് ആസൂത്രണം വിശദീകരിച്ചിരിക്കുന്നത്.

‘ദി ഐഡിയ ഡേ’, ‘ട്രൗസര്‍ ആന്‍ഡ് ബനിയന്‍ ഇടീക്കല്‍’, ‘പെണ്ണിനെ തീര്‍ക്കല്‍’, ‘അവളുടെ ഫിംഗര്‍ എടുക്കല്‍’, ‘സെര്‍ച്ചിങ്’, ‘ഫോണ്‍ പാസ് വേഡ് വാങ്ങല്‍’, ‘ആദ്യത്തെ പാക്കിങ്’, ‘ഡിസ്‌കഷന്‍’ തുടങ്ങിയ തലക്കെട്ടുകളിലാണ് ഓരോകാര്യങ്ങളും വിശദീകരിക്കുന്നത്. അറ്റാക്ക് ആണ് ആദ്യഘട്ടം. തുടര്‍ന്ന് കിടക്കയില്‍ എത്തിച്ച് കറുത്ത തുണിയിടുക, ഹാരിസിനെ ഏതെങ്കിലും ബെഡ്‌റൂമില്‍വെച്ച് കെട്ടുക, ഹാരിസിന് മ്യൂസിക് വെച്ചുകൊടുക്കുക എന്നിങ്ങനെ വിശദീകരിക്കുന്നു. ഷൂ അഴിച്ചുമാറ്റിയ ശേഷം ഷബീബ്, ഷമീം, അജ്മല്‍, അവളെ സൗണ്ട് വരാതെ കെട്ടുക, മൂക്ക് പൊത്തല്‍ ടെക്‌നിക് ഉപയോഗിക്കുക, മുറുക്കി കെട്ടുക, അവളെ ഹാരിസ്സ് ഇല്ലാത്ത ബെഡ്‌റൂമില്‍ കൊണ്ടുപോയി കിടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും മറ്റൊരു പ്രിന്റിലുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published.