ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീഷണി തുടരുന്ന മാരകമായ നിപ വൈറസിനെതിരേ ആദ്യമായി മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം
ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീഷണി തുടരുന്ന മാരകമായ നിപ വൈറസിനെതിരേ ആദ്യമായി മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍.
18-നും 55-നും ഇടയില്‍ പ്രായമുള്ള 51 പേരിലാണ് ChAdOx1 NipahB എന്ന വാക്‌സിന്‍ പരീക്ഷിച്ചത്. 75 ശതമാനം കേസുകളിലും മാരകമായേക്കാവുന്നതും മരണകാരണമായേക്കാവുന്നതുമായ വൈറസ് ആണിതെന്ന് ഗവേഷകര്‍ പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പൂര്‍, മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവടങ്ങളിലെല്ലാം ഈ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും കേരളത്തില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഴംതീനി വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടം. ഇവയുമായി ബന്ധം പുലര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നും (പന്നി പോലുള്ളവ) മനുഷ്യരിലേയ്ക്ക് രോഗം പടരുകയാണ് ചെയ്യുന്നത്. അടിയന്തര ഗവേഷണം ആവശ്യമുള്ള മുന്‍ഗണനാ രോഗമായി ലോകാരോഗ്യസംഘടന ഈ വൈറസിനെ അംഗീകരിച്ചിട്ടുണ്ട്. അഞ്ചാം പനി പോലുള്ള കൂടുതല്‍ അറിയപ്പെടുന്ന രോഗകാരികളായ പാരാമിക്‌സോ വൈറസിന്റെ അതേ കുടുംബത്തിലാണ് നിപ വൈറസും ഉള്‍പ്പെടുന്നത്.
25 വര്‍ഷം മുമ്ബാണ് മലേഷ്യയിലും സിങ്കപ്പൂരിലും ആദ്യ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇതുവരെയും ഇതിനെതിരേ വാക്‌സിനുകളോ ചികിത്സാരീതിയോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ”1998-ലാണ് ആദ്യ നിപ വൈറസ് ബാധ സ്ഥിരീകരക്കുന്നത്. അതിനുശേഷം 25 വര്‍ഷം കഴിഞ്ഞിട്ടും ആഗോളതലത്തില്‍ ജീവന് ഭീഷണിയുള്ള ഈ വൈറസിനെതിരെവാക്‌സിനുകളോ ചികിത്സയോ ലഭ്യമായിട്ടില്ല,”ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകനായ ബ്രയാന്‍ ആന്‍ഗസ് പറഞ്ഞു. ഉയര്‍ന്ന മരണനിരക്കും വൈറസ് പകരുന്നതിന്റെ രീതിയും കണക്കിലെടുത്ത് ഈ രോഗം ഒരു മുന്‍ഗണനാ പകര്‍ച്ചവ്യാധി രോഗകാരിയായി കണക്കാക്കപ്പെടുന്നു. പ്രാദേശികതലത്തില്‍ വലിയ രീതിയില്‍ വൈറസ് ബാധയുണ്ടാകാതെ തടയാന്‍ കഴിയുന്നതിന് ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ വാക്‌സിന്‍ പരീക്ഷണം. കൂടാതെ ഭാവിയില്‍ ആഗോളതലത്തില്‍ ഒരു പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകാതെ തടയാനും കഴിയും, ആന്‍ഗസ് പറഞ്ഞു
രണ്ട് ബില്ല്യണിലധികം പേര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ നിപ പകര്‍ച്ചവ്യാധിക്ക് സാധ്യതയുണ്ടെന്നും സിഇപിഐയിലെ വാക്‌സിന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ടിങ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഇന്‍ ക്യു യൂണ്‍ പറഞ്ഞു.
”ഈ കൊലയാളി വൈറസിനെതിരേ സംരക്ഷണം നല്‍കുന്ന ഒരുകൂട്ടം ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളുടെ മുന്നേറ്റമാണ് ഈ പരീക്ഷണം. ഇതിലൂടെ നേടുന്ന അറിവ് മറ്റ് പാരാമിക്‌സോ വൈറസുകള്‍ക്കെതിരേയുള്ള പ്രതിരോധ നടപടികള്‍ക്കും സഹായിക്കുമെന്നാണ് കരുതുന്നത്,” യൂണ്‍ പറഞ്ഞു. കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്രസെനേക്ക കോവിഡ്-19 വാക്‌സീനിന്റെ അതേ വൈറല്‍ വെക്ടര്‍ വാക്‌സിന്‍ പ്ലാറ്റ്‌ഫോമായ ChAdOx1തന്നെയാണ് ഈ പരീക്ഷണത്തിനും ഉപയോഗിച്ചിരിക്കുന്നത്.
അടുത്ത 18 മാസത്തോളം പരീക്ഷണം തുടരും. ഇതിന്റെ ഭാഗമായി നിപ ബാധിച്ച രാജ്യങ്ങളിലും പരീക്ഷണം തുടരുമെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.