തന്റെ ശരീരത്തെ പരിഹസിച്ചയാൾക്ക് കിടിലൻ മറുപടി നൽകി നടൻ നിർമൽ പാലാഴി. ഫേസ്ബുക്കിലൂടെയാണ് നിർമൽ പാലാഴി മറുപടി നൽകിയത്.
നിർമലിന്റെ ശരീര ഭാരത്തെക്കുറിച്ചാണ് ഒരാൾ പരിഹാസം നിറഞ്ഞ കമന്റ് ചെയ്തത്. തന്റെ തടിയിൽ തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്നമില്ല. പിന്നെ നിങ്ങൾക്ക് എന്തിനാണ് പ്രശ്നമെന്ന് നിർമ്മൽ ചോദിച്ചു. തന്നെ പരിഹസിച്ചയാളുടെ കമന്റും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ തടിയിൽ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവർക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല.പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളർ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നിൽക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ “ഒരു കുരു ഉണ്ടായാൽ മതി ട്ടോ” ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാൻ’ നിർമൽ പറഞ്ഞു.
മിമിക്രിയിലൂടെയും സ്റ്റേജ്, ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ കലാകാരനാണ് നിർമൽ പാലാഴി. നിരവധി സിനിമകളിലും അദ്ദേഹം മികച്ച വേഷങ്ങൾ ചെയ്തു. നിർമൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സെന്റ് എന്ന ചിത്രം നേരത്തെ യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. പതിനാറോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സെന്റ്. ജയകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ആത്മസംഘര്‍ഷത്തിന്റെ നെരിപ്പോടില്‍ നീറുന്ന അച്ഛന്റേയും ഭര്‍ത്താവിന്റേയും വേഷത്തിലാണ് നിര്‍മ്മല്‍ പാലാഴി ചിത്രത്തിലെത്തുന്നത്. കോമഡി ട്രാക്കില്‍ നിന്നു മാറിയുള്ള നിര്‍മ്മലിന്റെ പ്രകടനമാണ് സെന്റിന്റെ ഹൈലേറ്റ്.