ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അപ്പീല്‍ പിന്‍വലിക്കുമോ എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. എംഎല്‍എമാരുടേത് ഒരിക്കലും യോജിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
വിശദമായി കേള്‍ക്കാതെ ഹര്‍ജി തള്ളരുതെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തായിരുന്നു നിയസഭയില്‍ കയ്യാങ്കളിയുണ്ടായത്. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയായിരുന്നു സംഭവം. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേരയടക്കം മറിച്ചിടുകയായിരുന്നു.