രസതന്ത്ര നൊബേൽ സമ്മാനം ബഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് മാക്മില്ലനും

October 6, 2021
436
Views

സ്റ്റോക്ക്ഹോം: രസതന്ത്ര മേഖലയെ കൂടുതൽ ഹരിതാഭമാക്കാൻ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങൾ വികസിപ്പിച്ച രണ്ടു ഗവേഷകർ 2021 ലെ രസതന്ത്ര നൊബേലിന് അർഹരായി.

ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലൻ എന്നിവർ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളർ (8.2 കോടി രൂപ) പങ്കിടും.

‘അസിമെട്രിക് ഓർഗാനോകാറ്റലിസ്റ്റുകൾ വികസിപ്പിച്ചതിനാ’ണ് ഇരുവർക്കും നൊബേൽ പുരസ്കാരം നൽകുന്നതെന്ന്, റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു.

തന്മാത്രകളെ സൃഷ്ടിക്കുക എന്നത് ഒരു കലയാണ്, വളരെ പ്രയാസമേറിയ ഒന്ന്. തന്മാത്രാനിർമാണത്തിന് ‘ഓർഗാനോകാറ്റലിസ്റ്റുകൾ’ (organocatalysis) എന്ന സൂക്ഷ്മതയേറിയ പുതിയ ‘ആയുധം’ വികസിപ്പിച്ചവരാണ് ഇത്തവണത്തെ രസതന്ത്ര നൊബേൽ ജേതാക്കൾ.

ഔഷധഗവേഷണരംഗത്ത് വലിയ സ്വാധീനം ചെലുത്തുക മാത്രമല്ല, രസതന്ത്രത്തെ കൂടുതൽ ഹരിതാഭമാക്കാനും ലിസ്റ്റിന്റെയും മാക്മില്ലന്റെയും കണ്ടെത്തൽ സഹായിക്കുന്നതായി സ്വീഡിഷ് അക്കാദമിവിലയിരുത്തി.

വ്യത്യസ്ത ഗുണങ്ങളുള്ള പദാർഥങ്ങൾ രൂപപ്പെടുത്താനും, ബാറ്ററികളിൽ ഊർജ്ജം ശേഖരിക്കാനും, രോഗങ്ങളെ അമർച്ച ചെയ്യാനുമൊക്കെ പുതിയ തന്മാത്രകൾ ആവശ്യമാണ്. വിവിധ ഗവേഷണങ്ങളിലും വ്യവസായിക രംഗത്തും ഇത് വളരെ പ്രധാനമാണ്.

ഇക്കാര്യത്തിൽ ആവശ്യം രാസത്വരകങ്ങൾ (catalysts) ആണ്. ഒരു രാസപ്രക്രിയയിൽ അന്തിമ ഉത്പന്നത്തിന്റെ ഭാഗമാകാതെ, രാസപ്രക്രിയകളെ നിയന്ത്രിക്കുകയും അവയുടെ വേഗം കൂട്ടുകയും ചെയ്യുന്നത് രാസത്വരകങ്ങളാണ്.

ഒരു രസതന്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം രാസത്വരകങ്ങൾ എന്നത്, ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളാണ്. ലോഹങ്ങൾ, രാസാഗ്നികൾ (enzymes)-എന്നിങ്ങനം രണ്ടിനം രാസത്വരകങ്ങളാണ് രസതന്ത്രത്തിലുള്ളതെന്ന് അടുത്തകാലം വരെ ശാസ്ത്രലോകം കരുതി.

ആ ധാരണയെ പൊളിച്ചെഴുതുകയാണ് 2000 ൽ ലിസ്റ്റും മാക്മില്ലനും ചെയ്തത്. ഇരുവരും വെവ്വേറെ നിലയ്ക്ക് മൂന്നാമതൊരിനം രാസകത്വരകങ്ങൾ വികസിപ്പിച്ചു. ചെറിയ ഓർഗാനിക് തന്മാത്രകൾ രൂപപ്പെടുത്താൻ സഹായിക്കുന്ന ആ രാസത്വരകത്തിന്റെ പേര് ‘അസിമെട്രിക് ഓർഗാനോകാറ്റലിസ്റ്റുകൾ’ എന്നാണ്.

പുതിയ നൂറ്റാണ്ടിന്റെ കണ്ടുപിടുത്തമാണ് ഇരുവരും പുതിയ രാസത്വരകം വികസിപ്പുക്കുക വഴി നടത്തിയത്. വളരെ വേഗം രസതന്ത്രമേഖല പുതിയ കണ്ടെത്തലിനെ പിൻപറ്റി വികസിച്ചു. അസാധ്യമെന്ന് കരുതിയ ഒട്ടേറെ രാസപ്രക്രിയകൾ അതുവഴി സാധ്യമാകുന്നതിന് ലോകം സാക്ഷ്യം വഹിച്ചു.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *