‘മാലിക്’ സിനിമ സാങ്കല്പിക സൃഷ്‌ടി ആണെന്ന് പറഞ്ഞ് അവതരിപ്പിച്ച സംവിധായകന്‍ മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍.എസ്. മാധവന്‍.
ഫഹദ് ഫാസിലിന്റെ പ്രകടനത്തിന്റെ പേരില്‍ പ്രശംസ പിടിച്ചു പറ്റുമ്ബോഴും സിനിമ പല കാരണങ്ങളുടെയും കാര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ചിത്രത്തില്‍ ഇസ്ലാമോഫോബിയ നിറഞ്ഞ ഉള്ളടക്കം ഉണ്ടെന്ന് എന്‍.എസ്. മാധവന്‍ ആരോപിക്കുന്നു.
1.എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാര്‍ട്ടി?
2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്?
3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്ബിനുള്ളില്‍ പ്രവേശിപ്പിക്കുന്നില്ല( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്)
4. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്ബോള്‍ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നില്‍ക്കുന്നവരാക്കുന്നു? 5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയില്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ?
റമദാപ്പള്ളി, ഇടവാത്തുറ എന്നീ പേരിലാണ് സിനിമയില്‍ പരാമര്‍ശിക്കുന്ന സ്ഥലം. ഇത് തിരുവനന്തപുരത്തെ കടലോരപ്രദേശങ്ങളായ ബീമാപള്ളി, കൊച്ചുതുറ തുടങ്ങിയ സ്ഥലങ്ങളുമായും, നാടിനെ നടുക്കിയ ബീമാപള്ളി വെടിവയ്പ്പ് കേസുമായും സമാനതകള്‍ പുലര്‍ത്തുന്നവയാണ്.
റമദാപള്ളിക്കാരുടെ രക്ഷകനായ സുലൈമാന്‍ മാലിക് എന്നയാളുടെ വേഷമാണ് നായക നടന്‍ ഫഹദ് ഫാസിലിന്. ഇദ്ദേഹത്തെ മതസൗഹാര്‍ദം കാംക്ഷിക്കുന്ന വ്യക്തിയായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ എന്‍.എസ്. മാധവന്‍ ഏറെക്കാലത്തെ മൗനത്തിനുശേഷം തിരിച്ചുവന്ന തൊണ്ണൂറുകളിലെ വിഖ്യാതമായ ‘ഹിഗ്വിറ്റ’ എന്ന കഥയിലെ കഥാപാത്രങ്ങളെയും സൂചകങ്ങളെയും ബിംബങ്ങളെയും പരിസരത്തെയും പരാമര്‍ശിച്ചുകൊണ്ട് ആ രചന മുസ്ലിം വിരുദ്ധമാണെന്ന് എം.ടി. അന്‍സാരി എന്ന നിരൂപകന്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രശസ്തമായ ബിരിയാണി എന്ന ചെറുകഥയും മുസ്ലിം വിരുദ്ധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
മാലികിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു, സാമൂഹിക നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയവര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
‘മാലിക്ക് സിനിമ കണ്ടു തീര്‍ന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’ എന്നാണ് ഒമര്‍ ലുലു കുറിച്ചത്. ഇതിനു പിന്നാലെ ‘ഒരു മെക്സിക്കന്‍ അപാരത’ എന്ന സിനിമ നേരിട്ട വിമര്‍ശനവും ചേര്‍ത്താണ് ഒമറിന്റെ പോസ്റ്റ്.
മഹാരാജാസ് കോളേജില്‍ കെ.എസ്.യു. നേടിയ വിജയം സിനിമയില്‍ ഇടതുപക്ഷത്തിന്റേതാക്കി മാറ്റി എന്നായിരുന്നു വിമര്‍ശനം. ക്യാമ്ബസ് രാഷ്ട്രീയ ചിത്രത്തില്‍ നായകനായത് ടൊവിനോ തോമസ് ആണ്. കെ.എസ്.യുവിന്റെ ആധിപത്യം അവസാനിപ്പിച്ച് എസ്.എഫ്.ഐ. വിജയം നേടുന്നതാണ് സിനിമ പറഞ്ഞ രാഷ്ട്രീയം. എന്നാല്‍ ഇത് നേരെ മറിച്ചാണ് എന്ന് സ്ഥാപിക്കുന്ന തരത്തില്‍ പത്രവാര്‍ത്താ ശകലവും ചേര്‍ത്താണ് ഒമര്‍ ലുലു പോസ്റ്റ് ചെയ്തത്.