ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ ആളിക്കത്തിക്കുന്ന പൊതുജനവികാരത്തിൽ ജഡ്ജിമാർ വീണു പോകരുതെന്ന മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഏറ്റവും ഉച്ചത്തിൽ കേൾക്കുന്നത് എന്നതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശരിയായിക്കൊള്ളണമെന്നില്ലെന്നും എൻ.വി. രമണ ചൂണ്ടിക്കാട്ടി. പി.ഡി. ദേശായി മെമ്മോറിയൽ പ്രഭാഷണത്തിന്റെ ഭാഗമായി ‘നിയമവാഴ്ച’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
“എല്ലാത്തിനെയും ഉള്ളതിനേക്കാൾ ഇരട്ടിപ്പിച്ച് കാണിക്കാൻ മാധ്യമങ്ങളുടെ പക്കൽ ഒരുപാട് ഉപാധികളുണ്ട്. ശരിയും തെറ്റും നല്ലതും ചീത്തയും യാഥാർത്ഥ്യവും വ്യാജവുമൊന്നും തമ്മിൽ വേർതിരിച്ചറിയാൻ ഇവരുടെ പക്കൽ മാർഗമൊന്നുമില്ല. അതുകൊണ്ടു തന്നെ കേസുകളിൽ മാധ്യമ വിചാരണയെ ഒരു ഘടകമായി പരിഗണിക്കാനാവില്ല.” അദ്ദേഹം പറഞ്ഞു.
അതേസമയം, ജുഡിഷ്യറിക്ക് പൂർണമായ സ്വാതന്ത്ര്യം വേണമെന്ന ആശയത്തെയും അദ്ദേഹം എതിർത്തു. എക്സിക്യുട്ടീവിനും ലെജിസ്ലേച്ചറിനും അധികാരങ്ങളുണ്ട്. ഇവയുടെയൊന്നും നിയന്ത്രണമില്ലാത്ത നിയമവാഴ്ച എന്നത് ഇല്യൂഷൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.