കൊച്ചി: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തോട് പ്രതികരിച്ചതിന്റെ പേരില്‍ വിവാദത്തിലായ നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. വിഷയത്തില്‍ താന്‍ ജോജുവിനൊപ്പമാണെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ പറഞ്ഞു.
‘ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരേ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്.ഞാന്‍ അവസാന ഹര്‍ത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു ‘ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുന്‍പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ’, എന്നാണ് ഒമര്‍ ലുലു കുറിച്ചത്.
ഇതിനിടെ ജോജു മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധന ഫലം പുറത്തു വന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വണ്ടി തടയുകയും വാഹനത്തിന്റെ പിന്നിലെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ക്ക് അടുത്തേക്ക് വന്ന ജോജു ജോര്‍ജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ജോജു ജോര്‍ജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവര്‍ ആരോപിച്ചിരുന്നു.