ഒമിക്രോൺ കേസുകൾ ആയിരം കടന്നു: രാജ്യത്ത് അതിജാഗ്രത

December 31, 2021
116
Views

രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമിക്രോൺ കേസുകൾ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ഒമിക്രോൺ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയിൽ കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 5368 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. ബിഹാറിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണം 4,80,860 ആയി. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്.

2020 ഓഗസ്റ്റ് 7നാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23ന് 30 ലക്ഷവും സെപ്തംബർ 5ന് 40 ലക്ഷവും സെപ്തംബർ 16ന് 50 ലക്ഷവും സെപ്റ്റംബർ 28ന് 60 ലക്ഷവും പിന്നിട്ടു. ഒക്ടോബർ 1ന് 70 ലക്ഷവും ഒക്ടോബർ 29ന് 80 ലക്ഷവും കടന്നു. കോവിഡ് ബധിച്ചവരുടെ എണ്ണം നവംബർ 20ന് 90 ലക്ഷം കടന്നപ്പോള്‍ ഡിസംബർ 19നാണ് ഒരു കോടി പിന്നിട്ടത്. 2021 മെയ് 4ന് രണ്ട് കോടിയും ജൂൺ 23ന് മൂന്ന് കോടിയും പിന്നിട്ട് രാജ്യത്തെ കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുകയാണ്.

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് കൂടുതൽ സംസ്ഥാനങ്ങൾ. ഡൽഹിക്ക് പുറമേ ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജസ്ഥാനിൽ ജനുവരി ഒന്ന് മുതൽ വാക്സിൻ എടുത്തവർക്ക് മാത്രമേ പൊതുഇടങ്ങളിൽ പ്രവേശനമുള്ളൂ. രാത്രി കർഫ്യു ശക്തമാക്കും. ഗോവയിൽ സിനിമാ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്കോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമേ ഗോവയിൽ പ്രവേശിക്കാൻ സാധിക്കൂ

Article Categories:
Health · India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *