യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഹർദീപ് സിംഗ് പൂരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരൺ റിജിജു ,വികെ സിംഗ് എന്നിവരാണ് അയൽരാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ. മന്ത്രിമാർ ‘ഓപ്പറേഷൻ ഗംഗ ‘ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി.
യുക്രൈൻ രക്ഷാദൗത്യം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. പതിനാലായിരത്തോളം ഇന്ത്യൻ പൗരന്മാരെ ഇനി ഒഴിപ്പിക്കേണ്ടതുണ്ട്. ഓപ്പറേഷൻ ഗംഗയുടെ ആദ്യഘട്ടത്തിൽ യുക്രൈന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ കിഴക്ക്, തെക്ക് മേഖലകളിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
യുക്രൈൻ സർക്കാരിന്റെയും, ഇന്റർനാഷണൽ റെഡ് ക്രോസിന്റെയും സഹകരണത്തോടെ ഇന്ത്യൻ പൗരന്മാർക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യൻ എംബസിയുടെ നിർദേശങ്ങൾ വിദ്യാർത്ഥികൾ പാലിക്കണമെന്നും വി. മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഇന്ന് മുതൽ അഞ്ച് രാജ്യങ്ങൾ വഴിയാകും ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുക. യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിർത്തികളിലൂടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോൾഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ അടിയന്തര യോഗം ചേർന്നിരുന്നു. ഇന്നുമുതൽ അഞ്ച് രാജ്യങ്ങൾ വഴി രക്ഷാദൗത്യം ഊർജിതമാക്കാനാണ് തീരുമാനം.
യുദ്ധാം അഞ്ചാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ അതിവേഗം നാടണയാൻ ശ്രമിക്കുന്നവരുടെ വലിയ കൂട്ടമാണ് പോളണ്ട് അതിർത്തിയിലുളളത്. പോളണ്ട് അതിർത്തിയിൽ വൻ തിരക്കായതിനാലാണ് പൗരന്മാരെ ഇന്ത്യയിലെത്തിക്കാൻ എംബസി ഹംഗറി, റോമാനിയ അതിർത്തികളുടെ സാധ്യത കൂടി തേടിയത്. യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി ഇന്നെത്തും. റോമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും ഓരോ വിമാനങ്ങൾ കൂടി ഇന്ന് പുറപ്പെടും.
യുക്രൈൻ അതിർത്തിയിലെ ഷെഹിനിയിൽ നിന്നും ഇന്നുമുതൽ 10 ബസുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ക്രാക്കോവിക്, ബുഡോമിയർസ് എന്നിവിടങ്ങളിൽ നിന്നും ബസുകൾ പുറപ്പെടും. ബസുകളിൽ റിസർവ് ചെയ്യാൻ കൺട്രോൾ റൂമിൽ വിളിക്കണമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം പൂർത്തിയാക്കുന്നതുവരെ ബസ് സർവീസ് ഉണ്ടാകുമെന്ന ആശ്വാസകരമായ വിവരവും എംബസി പങ്കുവെച്ചിട്ടുണ്ട്. 48225400000,+48795850877, +48792712511 എന്നീ നമ്പരുകളിൽ എംബസിയെ ബന്ധപ്പെടാം.