ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച്​ അലര്‍ട്ട്​; രണ്ട് ഡാമുകള്‍ തുറക്കും

October 18, 2021
119
Views

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴുമണി മുതല്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ്​ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത്. അണക്കെട്ടില്‍ ജലനിരപ്പ്​ രണ്ടടി കൂടി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. 2397.86 അടിയില്‍ എത്തിയാല്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലര്‍ട്ടും റെഡ്​ അലര്‍ട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

കാലവര്‍ഷം ശക്​തി പ്രാപിച്ചതിനാലും വൃഷ്​ടി പ്രദേശത്ത്​ തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലുമാണ്​ അണക്കെട്ടില്‍ ജലനിരപ്പ്​ ഉയരുന്നത്​. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്​. ജലനിരപ്പ് 133 അടി പിന്നിട്ടു. എറണാകുളം ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലുഅലര്‍ട്ട്​ പ്രഖ്യാപിച്ചു.

പത്തനംതിട്ട പമ്ബ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴക്ക്​ ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന്​ ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. കൊല്ലം തെന്‍മല ഡാമിന്‍റെ ഷട്ടറുകളും ഉയര്‍ത്തും.

 മഴ കനത്തതോടെ കക്കി ആനത്തോട് ഡാമും ഷോളയാര്‍ ഡാമും തുറക്കും. രാവിലെ 11 മണിക്കാണ് കക്കി ആനത്തോട് ഡാം തുറക്കുക. നാല് ഷട്ടറുകളില്‍ രണ്ട് എണ്ണമാണ് തുറക്കുക. 100 മുതല്‍ 200 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്ബയില്‍ 10-15 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ മുന്നറിയിപ്പ് നല്‍കി. തെന്‍മല ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും. ചാലരക്കുടി പുഴ, അച്ചന്‍കോവില്‍ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *