ഒ.ടി.പി പങ്കുവെക്കാതെ യുവാവിന്​ നഷ്​ടമായത്​ മുക്കാൽ ലക്ഷം ; മെസേജിങ്​ ആപ്പ് വഴി പുതിയ തട്ടിപ്പ്

July 17, 2021
189
Views

മുംബൈ: പുതിയ തട്ടിപ്പ് രീതി പുറത്തിറക്കി സൈബർ ക്രിമിനലുകൾ. പണം കവരുന്ന സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാനായി ഒ ടി പികൾ ആരെങ്കിലും വളിച്ച്‌ ആവശ്യപ്പെട്ടാൽ നൽകരുതെന്ന് ബാങ്കുകാർ ഓർമിപ്പെടുത്താറുണ്ട്. എന്നാൽ ഒരു ഒ ടി പി മെസേജ് പോലും വരാതെ പ്രദീപ് പ്രഭാകർ എന്നയാളിന്റെ ബാങ്ക് അകൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത് മുക്കാൽ ലക്ഷം രൂപ.

മെസേജിങ് ആപ്ലികേഷനുകൾ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയിലേക്ക് സൈബർ ക്രിമിനലുകൾ മാറിയതായാണ് വിദഗ്ധൻമാർ മുന്നറിയിപ്പ് നൽകുന്നത്. പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റേറിലും ഇത്തരം ആപുകൾ അധികം ലഭ്യമല്ലെങ്കിലും അവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. പോവായ് പൊലീസ് സ്‌റ്റേഷനിലാണ് അത്തരമൊരു കേസ് റിപോർട് ചെയ്യപ്പെട്ടിരിക്കുന്നത്. ജൂൺ 27ന് പ്രദീപ് പ്രഭാകർ പ്രഭാത ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

‘ഗൂഗിളിൽ കണ്ട റോമ കഫേയുടെ നമ്പറിൽ ഞാൻ വിളിച്ചു. ഫോൺ എടുത്ത വ്യക്തി ഉടൻ തന്നെ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു. രണ്ടുമിനിറ്റുകൾക്കകം എനിക്ക് തിരികെ കാൾ വന്നു. പേമെന്റ് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ പണമായി നൽകാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ മറുതലക്കൽ ഉണ്ടായിരുന്നയാൾ കൊറോണ ആയതിനാൽ ഓൺലൈൻ പേമെന്റ് മാത്രമേ ഉള്ളുവെന്ന് പറഞ്ഞ് ഒരു ലിങ്ക് അയച്ചു തന്നു’ എന്ന് പ്രദീപ് പ്രഭാകർ പറയുന്നു.

‘സ്പ്രിങ് എസ് എം എസ് ആപിന്റെ ഡൗൺലോഡ് ലിങ്ക് ആയിരുന്നു അത്. എസ് എം എസ് ഫോർവേഡിനായി ഞാൻ ഒരാളുടെയും നമ്പർ ചേർത്തില്ല. എന്നാൽ ആപ് ഡൗൺലോഡായതിന് പിന്നാലെ അകൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി സന്ദേശങ്ങൾ വരാൻ തുടങ്ങി. 75,000 രൂപയാണ് നഷ്ടമായത്. ഉടൻ ബാങ്കിൽ വിളിച്ച്‌ കാർഡ് ബ്ലോക് ചെയ്തു. 350 രൂപയുടെ പ്രാതലാണ് ഞാൻ ഓർഡർ ചെയ്തിരുന്നത്. ഫോണിൽ സംസാരിച്ചയാൾ വളരെ മാന്യമായിട്ടായിരുന്നു ഇടപെട്ടത്. അത് തട്ടിപ്പാണെന്ന് ഞാൻ അറിഞ്ഞില്ല’ -പ്രദീപ് പ്രഭാകർ പറഞ്ഞു.

വിഷയത്തിൽ ബാങ്ക് അധികൃതരുമായി തർക്കിച്ച പ്രദീപ് ഒടുവിൽ പ്രശ്‌നപരിഹാരത്തിനായി പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇത് പുതിയൊരു തട്ടിപ്പ് രീതിയാണെന്നും സർക്കാർ ഇതേ കുറിച്ച്‌ ജനങ്ങളെ ബോധവാൻമാരാക്കണമെന്നും പ്രമുഖ സൈബർ സുരക്ഷവിദഗ്ദനായ റിതേഷ് ഭാട്ടിയ പറഞ്ഞു.

‘ഒ ടി പി പങ്കുവെക്കരുതെന്ന സത്യം ഉപയോക്താക്കളുടെ മനസിൽ പതിഞ്ഞതോടെയാണ് തട്ടിപ്പുകാർ പുതിയ വഴികൾ തേടിയത്. എസ് എം എസ് ഫോർവേഡിങ് ആപുകൾ വഴിയാണ് പുതിയ ചതിക്കുഴികൾ ഒരുക്കുന്നത്. സ്പ്രിങ് എസ് എം എസ് പോലെയുള്ള ആപുകൾ അവർ അറിയാതെ മൊബൈലിലും മറ്റും ഇൻസ്റ്റാൾ ചെയ്യുന്നു. തട്ടിപ്പിനിരയാക്കപ്പെട്ടവരുടെ നമ്പറിലേക്ക് വരുന്ന എല്ലാ എസ് എം എസുകളും മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണ് ഇതുവഴി ചെയ്യുന്നത്. ഇതോടെ ബാങ്ക് ഒ ടി പി അടക്കം എളുപ്പത്തിൽ ദുരുപയോഗം ചെയ്ത് പണം തട്ടാം’- ഭാട്ടിയ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *