പാലക്കാട്: വിഷജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. പാമ്പാണെന്നു സംശയമുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കമ്പിളിച്ചുങ്കത്തെ വീട്ടിലാണു സംഭവം.
രാവിലത്തെ ഭക്ഷണത്തിനു ശേഷം അമ്മയോടൊപ്പം കട്ടിലിൽ ഇരുന്നു ജനാലയിൽ പിടിച്ചു കളിക്കുകയായിരുന്നു ദേവനന്ദ. പെട്ടെന്നു കരച്ചിൽ കേട്ട് അമ്മ നോക്കിയപ്പോൾ കുട്ടിയുടെ കയ്യിൽ ചെറിയ മുറിപ്പാട് കണ്ടു. ഈ സമയം സമീപത്തുണ്ടായിരുന്ന പൂച്ചയുടെ നഖം തട്ടിയതായിരിക്കാമെന്നാണു വീട്ടുകാർ കരുതിയതത്രെ.
അൽപസമയത്തിനു ശേഷം കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, പത്തരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ജനാലയിലൂടെയെത്തിയ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതാകാനാണു സാധ്യതയെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നും പൊലീസ് പറഞ്ഞു. അമ്മ: രാഖി. സഹോദരൻ: രോഹിത്ത്.