‘വഴിയില്‍ തളര്‍ന്നിരുന്നു, മദ്യപാനിയെന്ന് ചിത്രമെടുത്ത് പ്രചരിപ്പിച്ചു’; പൊലീസിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്

August 21, 2021
165
Views

തൃശൂര്‍: ശാരരീകാസ്വാസ്യം മൂലം വഴിയില്‍ തളര്‍ന്നിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രം പൊലീസ് മദ്യപാനിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചെന്ന് പരാതി. തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ കെഎസ് ധനീഷാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ശാരരീക അവശതമൂലം വഴിയില്‍ തളര്‍ന്നിരുന്ന തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് പ്രചരിപ്പിക്കുകയായിരുന്നെന്ന് ധനീഷ് ഡിഐജിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കൊവിഡ് രോഗിയെ ആശുപത്രിയിലാക്കിയ ശേഷം പുലര്‍ച്ചെ രണ്ടരയോടെ വീട്ടിലേക്ക് മടങ്ങിയ താന്‍ വഴിയില്‍ തളര്‍ന്നുവീണു. ഇതുവഴിവന്ന ഇരിങ്ങാലക്കുട പൊലീസ് തട്ടിയുണര്‍ത്തിയപ്പോഴാണ് ബോധം വന്നത്. തന്നെ സഹായിക്കാന്‍ തയ്യാറാവാത്ത പൊലീസ് ചിത്രം ഫോണില്‍ പകര്‍ത്തുകയാണ് ചെയ്തതെന്ന് ധനീഷ് പറയുന്നു.

‘ടൂവിലറിലായിരുന്നു ഞാന്‍ വന്നത്. വഴിയില്‍വെച്ച് അസ്വസ്ഥതയുണ്ടായി. അടുത്തുതന്നെയുള്ള സുഹൃത്തിനെ വിളിച്ചു. അദ്ദേഹം വരുന്നതുവരെ അടുത്തുണ്ടായിരുന്ന മതിലില്‍ പിടിച്ച് ചാരിയിരിക്കുകയാണ് ചെയ്തത്. പിന്നെ എന്നെ വന്ന് വിളിച്ചെഴുന്നേല്‍പിക്കുന്നത് ഇരിഞ്ഞാലക്കുട സ്റ്റേഷനിലെ എഎസ്‌ഐ ജോസി ജോസ് എന്ന പൊലീസുദ്യോഗസ്ഥനാണ്. അദ്ദേഹവും മറ്റ് പൊലീസുകാരും ചേര്‍ന്ന് ഫോണില്‍ എന്റെ ഫോട്ടോ എടുക്കുകയും വീഡിയോ ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. പിന്നീടാണ് ഞാന്‍ അറിയുന്നത് എന്റെ ചിത്രം മദ്യപിച്ച് ഉടുതുണിയില്ലാതെ റോഡില്‍ കിടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്’, ധനീഷ് വിവരിക്കുന്നതിങ്ങനെ.

തന്റെ ചിത്രം പൊലീസുദ്യോഗസ്ഥര്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തെന്നാണ് ധനീഷ് ആരോപിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും സമനിലയിലായിരുന്ന വേളൂക്കരയില്‍ നറുക്കെടുപ്പിലൂടെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇതിന് ശേഷം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ സജീവമായിരുന്നു. ധനീഷിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *