വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിഷയം ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിച്ച വിഷയമാണ്. പ്രതിപക്ഷത്തെ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സുപ്രിംകോടതി ജീവനക്കാര്‍ തുടങ്ങിയവരെ നിരീക്ഷിച്ചു. രാജ്യാന്തരതലത്തിലും രാജ്യത്തും അലയൊലിയുണ്ടാക്കിയ സംഭവമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
പെഗസിസ് വിഷയത്തില്‍ സു സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് ഭീമ ഹര്‍ജി ലഭിച്ചിരുന്നു. ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പേര്‍ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിന് അയയ്ക്കുകയായിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യമുണ്ട്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തണമെന്നും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് വിവരങ്ങള്‍ ആരായണമെന്നും അരുണ റോയ്, അഞ്ജലി ഭരദ്വാജ് എന്നിവരടക്കം ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടു.