തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു. സംഭവത്തിൽ പ്രായപൂർത്തി ആകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയിൽ മറ്റൊരു യുവാവ് പകർത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകൾ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയിൽ കാണാം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലിൽ എറിഞ്ഞു.
ബ്രൂണോയുടെ ഉടമ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.