ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. കേരള ഹൈക്കോടതിയോട് കൂടുതല്‍ സമയം ചോദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഹൈക്കോടതിക്ക് നല്കുന്ന മറുപടി ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ലക്നൗവിലാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം മറുപടി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം.
ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. വില കുറക്കാനാണ് ഇവ ജി.എസ്.ടിക്ക് കീഴിലാക്കുന്നത്. എന്നാല്‍, കേന്ദ്രം സെസ് കുറച്ചാല്‍ വില കുറയുമെന്നും പകരം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്.
ജി.എസ്.ടി.യില്‍ പരമാവധി 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാലും അതിന്റെ പകുതിമാത്രമേ സംസ്ഥാനങ്ങള്‍ക്കു ലഭിക്കൂ. ഇപ്പോള്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജി.എസ്.ടി. ബാധകമാക്കിയാല്‍ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടി.യിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വില കുറയില്ലെന്നും കേരളം വാദിക്കുന്നു.