കൊച്ചി:മുസ്ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി. മുസ്ലീം തീവ്രവാദികളുടെ മുദ്രാവാക്യവും, കാഴ്ചപ്പാടും ലീഗ് ഏറ്റെടുക്കുകയാണ്. രാഷ്‌ട്രീയ ലാഭത്തിനായി ജമാഅത്തെ ഇസ്ലാമിയുമായും, പോപ്പുലർ ഫ്രണ്ടുമായും മുസ്ലീം ലീഗ്ചങ്ങാത്തമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് വിഷയത്തിൽ ലീഗ് നടത്തിയ റാലിയും അവർ സ്വീകരിച്ച സമീപനവും നേരത്തെയുളള നിലപാടിൽ നിന്ന് കുറച്ചുകൂടി കടന്നുപോകുകയാണ്. നേരത്തെ തന്നെ മതതീവ്രവാദ സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം ലീഗിന് എതിരെയുണ്ട്. ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് പോലുളള സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഈ ബന്ധം പരസ്യമായിരുന്നുവെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ പ്രശ്‌നങ്ങളെയും വർഗീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നതെന്നും പിണറായി പറഞ്ഞു. നവമാദ്ധ്യമങ്ങൾ ശ്രദ്ധിച്ചാൽ അതിലിടുന്ന പോസ്റ്റുകളും വർത്തമാനവും വർഗീയ ധ്രുവീകരണവും സൃഷ്ടിക്കാൻ സഹായിക്കുന്നതാണെ്ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.