ഹലാലിന്‍റെ പേരില്‍ ചേരിതിരിവ്​ സൃഷ്ടിക്കാന്‍ സംഘ്പ​രിവാര്‍ ശ്രമം-​ മുഖ്യമന്ത്രി

November 27, 2021
163
Views

തിരുവനന്തപുരം: ഹലാലിന്‍റെ പേരില്‍ ചേരിതിരിവ്​ സൃഷ്​ടിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.

ആധുനിക ജനാധിപത്യത്തില്‍ നിന്ന്​ വ്യതിചലിച്ച്‌​ ഹിന്ദുത്വരാഷ്​ട്രമുണ്ടാക്കാനാണ്​ ശ്രമം. ഹലാല്‍ എന്നതിന്‍റെ അര്‍ഥം നല്ല ഭക്ഷണം എന്ന്​ മാത്രമാണ്​. ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാന്‍ ഹലാല്‍ വിവാദം ഉപയോഗപ്പെടുത്തുകയാണെന്നും പിണറായി പറഞ്ഞു. ഇതാദ്യമായാണ്​ ഹലാല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്ത്​ വരുന്നത്​.

ഹലാല്‍ വിവാദം ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ വേണ്ടിയാണ്​ ഉപയോഗിക്കുന്നത്​. പാര്‍ലമെന്‍റിലെ ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട്​ നേരിടാനാകില്ലെന്നും പിണറായി പറഞ്ഞു. സി.പി.എം പിണറായി ഏരിയ കമ്മിറ്റി യോഗം ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്താണ്​ ഹലാല്‍

ഹലാല്‍ എന്നാല്‍ അനുവദനീയം, ഹറാം എന്നാല്‍ നിഷിദ്ധം

ജീവിതത്തില്‍ ഹലാല്‍, ഹറാം പരിഗണിക്കണമെന്നത് ഇസ്​ലാം മതത്തിന്‍റെ കണിശമായ അനുശാസനയാണ്. ഹലാല്‍ എന്നാല്‍ ഒറ്റ വാക്കില്‍ അനുവദനീയമായത്​ എന്നാണ്​ അര്‍ത്ഥം. അതായത്​, മറ്റൊരാളുടെ അവകാശം ഹനിക്കാത്ത, മാലിന്യം കലരാത്ത, നിഷിദ്ധമായ കാര്യങ്ങളോ വസ്​തുക്ക​േളാ ഉള്‍പ്പെടാത്ത എല്ലാം ഹലാലാണ്​. അത്​ ചെയ്യുന്നത് വഴി തനിക്കോ മറ്റൊരാള്‍ക്കോ യാതൊരു ദോഷവും ബുദ്ധിമുട്ടും വരരുത്​ എന്നതാണ്​ ഹലാലിന്‍റെ പ്രാഥമിക നിബന്ധന.

ഇതിന്‍റെ നേരെ വിരുദ്ധമാണ്​ ഹറാം. അന്യായമായി കൈവശ​പ്പെടുത്തിയ അന്യരുടെ മുതല്‍, മാലിന്യം കലര്‍ന്നവ, ദൈവം നിഷിദ്ധമാക്കിയവ തുടങ്ങിയവയാണ്​ ഹറാം. ഹറാമായവ ഉപേക്ഷിച്ച്‌​ ഹലാലായത്​ സ്വീകരിക്കണമെന്നാണ്​ ഇസ്​ലാം അനുശാസിക്കുന്നത്​.

ഇത്​ ഭക്ഷണത്തില്‍ മാത്രമല്ല, പെരുമാറ്റത്തിലും ഇടപാടിലും എല്ലാം ഹറാം /ഹലാല്‍ ശ്രദ്ധിക്കണം. അതനുസരിച്ച്‌ നൂറ്റാണ്ടുകളായി മുസ്​ലിംകള്‍ ദേശ ഭേദമില്ലാതെ അത് പുലര്‍ത്തിവരുന്നുമുണ്ട്. തനിക്കര്‍ഹതയുള്ളത് മാത്രമേ ഒരാള്‍ ഉപയോഗിക്കാവൂ / ചെയ്യാവൂ എന്നതാണ് ഇതിന്‍്റെ താല്‍പര്യം. വ്യക്തിക്കും സമൂഹത്തിനും ഉപദ്രവം ചെയ്യുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഹലാല്‍, ഹറാം വ്യവസ്ഥ വ്യക്തിയെ പ്രേരിപ്പിക്കുന്നു.

ഉദാഹരണത്തിന്​ കള്ളം പറയല്‍ ഹറാമാണ്​. മോഷണം, അക്രമം, കൊലപാതകം, മായം ചേര്‍ക്കല്‍, വ്യഭിചാരം, ആളുകളെ അപമാനിക്കല്‍, ധനം അപഹരിക്കല്‍, വഞ്ചന, ചതി തുടങ്ങിയവയൊക്കെ ഹറാമാണ്​. ഇത്തരം ഹറാമായ കാര്യങ്ങള്‍ ചെയ്യുന്നത്​ പാപമായാണ്​ ഇസ്​ലാം പരിഗണിക്കുന്നത്​. അതിനാല്‍ തന്നെ, ഈ വക കാര്യങ്ങളില്‍ നിന്ന്​ വിട്ടുനില്‍ക്കുക എന്നത്​ വിശ്വാസിയുടെ ബാധ്യതയാണ്​.

സത്യസന്ധതയാണ്​ ഹലാല്‍

ജീവിത വിശുദ്ധിയുടെയും സത്യസന്ധതയുടെയും നീതിബോധത്തിന്‍െറയും ആകെത്തുകയാണ് ഹലാല്‍. സ്വാര്‍ത്ഥതയില്‍നിന്ന് ഹലാല്‍ എന്ന ബോധം അവനെ മുക്തനാക്കുന്നു. ആഹാരവിഭവങ്ങള്‍ മാത്രമല്ല, സമ്ബാദ്യവും അലങ്കാരങ്ങളും ഉടയാടകളും തുടങ്ങി ഒരാള്‍ സ്വന്തമാക്കുന്നതെന്തൊക്കെയുണ്ടോ അവയെല്ലാം ഹലാല്‍ ആയിരിക്കണമെന്നതാണ്. അതായത്​, അന്യരുടെ അവകാശം അബദ്ധത്തില്‍ പോലും തന്‍റെ സ്വത്തില്‍ കലരരുത്​ എന്നാണ്​ അതിന്‍റെ വിവക്ഷ.

ഭക്ഷണത്തിലെ ഹലാല്‍

ചത്ത ജീവികളുടെ മാംസവും ആരോഗ്യത്തിന്​ ഹാനികരമായ മദ്യം, മയക്കുമരുന്ന്​ തുടങ്ങിയവയും ഇവ കലര്‍ന്ന ഭക്ഷണങ്ങളും ഹലാല്‍ അല്ല. തലക്കടിച്ചോ കുത്തിമുറിവേല്‍പിച്ചോ ജീവന്‍ നഷ്​ടമായ മൃഗങ്ങളെുടെ മാംസം കഴിക്കാന്‍ വിശ്വാസികള്‍ക്ക് അനുവാദമില്ല. അഥവാ അത്തരം ഭക്ഷണം ഹലാലല്ല. മത്സ്യം ഒഴികെയുള്ള ജീവികളെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌​ കഴുത്ത്​ അറുത്ത്​ മാംസം തയാര്‍ ചെയ്യണമെന്നാണ്​ ഇസ്​ലാം അനുശാസിക്കുന്നത്​. ഇതിനെയാണ്​ ഹലാല്‍ എന്നുപറയുന്നത്​.

ഭക്ഷണത്തിലും പാനീയത്തിലും തുപ്പുന്നത്​ പോയിട്ട്​ ഊതുന്നത്​ പോലും ഇസ്​ലാം വിലക്കിയ കാര്യമാണ്​. എന്നിരിക്കെ, ഇതിന്​ വിപരീതമായി എവിടെയെങ്കിലും ചില സാമൂഹിക ദ്രോഹികള്‍ ചെയ്​തുകൂട്ടിയ കാര്യങ്ങളെ ഹലാലിന്‍റെയും ഇസ്​ലാമിന്‍റെയും പേരില്‍ വരവുവെക്കുന്ന പി.സി ജോര്‍ജിന്‍റെയും സുരേന്ദ്രന്‍റെയും അജണ്ടകള്‍ എന്താണെന്നത്​​ പകല്‍ പോലെ വ്യക്​തമാണ്​.

ഉല്‍പന്നങ്ങള്‍ക്കു പുറത്തുള്ള ഹലാല്‍ മുദ്ര

വിശ്വാസി സമൂഹത്തെയും അവര്‍ കൂടുതലായി ജീവിക്കുന്ന രാഷ്ട്രങ്ങളെയും സമീപിക്കുന്നതില്‍ വിപണി സ്വീകരിക്കുന്ന സ്ട്രാറ്റജിയുടെ ഭാഗമായാണ് ഉല്‍പന്നങ്ങള്‍ക്കു പുറത്തുള്ള ഹലാല്‍ മുദ്രകളും കടകളില്‍ തൂക്കുന്ന ഹലാല്‍ ബോര്‍ഡുകളും. വിശ്വാസം തീവ്രത കൈവരിച്ചതിന്‍െറ ലക്ഷണമായിട്ടല്ല വിപണി കൂടുതല്‍ തന്ത്രങ്ങളിലേക്കും അടവുകളിലേക്കും വളരുന്നതിന്‍െറയും വികസിക്കുന്നതിന്‍െറയും അടയാളമായിട്ടാണ് ഇവ പരിഗണിക്കപ്പെടേണ്ടത്. അതിന്‍റെ തെളിവാണ്​ ശിവസേന നേതാവിന്‍റെ ഫാക്​ടറിയില്‍​ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കരക്ക്​ ഹലാല്‍ മുദ്രണം ചെയ്​തത്​.

വിപണിയുടെ യുക്തികള്‍ മാത്രമാണ് ഹലാല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിലോ ലോബല്‍ പതിക്കുന്നതിനോ പിന്നിലുള്ളതെന്ന് വര്‍ഗീയ തിമിരം ബാധിച്ചിട്ടില്ലാത്തവര്‍ക്ക് ബോധ്യമാകുന്നതാണ്. ആഗോളവല്‍കരണത്തിന്‍െറ വിപണിയുക്തികള്‍ ജനതകളെയും രാജ്യങ്ങളെ തന്നെയും നയിക്കുകയും നിയന്ത്രിക്കുകയും െചയ്യുന്ന സവിശേഷമായ സാഹചര്യമാണിത്. മതപരവും ദേശീയവുമായ ആഘോഷങ്ങളെക്കുറിച്ച്‌ ജനവിഭാഗങ്ങളെ ഓര്‍മിപ്പിക്കുകയും അവരുടെ മനസില്‍ അതിന്‍െറ ആരവം നിലനിര്‍ത്തുകും ചെയ്യുന്നത് വിപണിയാണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഓണമെന്നാല്‍ പൂവും പൂപ്പൊലിയും സദ്യയും എന്നതില്‍നിന്ന് ഓണ വിപണിയും ഓണം മെഗാ സെയില്‍സും എന്ന രീതിയിലുള്ള മാറ്റം ഉദാഹരണമായെടുക്കാം. അക്ഷയ തൃതീയയെ സ്വര്‍ണ വ്യാപാരത്തിനുള്ള മുഹൂര്‍ത്തമായി അവതരിപ്പിച്ചതും മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ മികച്ച ഉദാഹരണമാണ്.

അതുകൊണ്ട് തന്നെ, മുമ്ബൊന്നുമില്ലാത്ത ഒരു ഹലാല്‍ ഇപ്പോള്‍ എവിടെന്ന് നിന്ന് വന്നു എന്ന് ചോദിക്കുന്നവര്‍ വിപണി തന്ത്രങ്ങളെയും അതില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന വൈവിധ്യ വല്‍കരണവും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ ഓണം വരുമ്ബോള്‍ പറമ്ബുകളില്‍ കുട്ടികള്‍ കൂട്ടത്തോടെ പോയി പൂ പറിച്ചുകൊണ്ടുവന്നാണ് അത്തം മുതല്‍ പൂക്കളം ഒരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍, പാതയോരങ്ങളിലും ക​േമ്ബാളങ്ങളിലും പൂക്കടകള്‍ വ്യാപകമാവുന്നതാണ് കാണുന്നത്. ഇന്ന്​ പൂ പറിക്കാനല്ല, പൂ വാങ്ങാനാണ് പോവുന്നത്. അത്​ചൂണ്ടിക്കാണിച്ച്‌​, മുമ്ബില്ലാത്ത ഒരു ഓണവും പൂവില്‍പ്പനയും ഇന്ന് എന്തുകൊണ്ട് എന്ന് ആരും ചോദ്യംചെയ്യാറില്ല. ശബരിമല സീസണില്‍ റോഡരികുകളില്‍ വ്യാപകമായി പൊങ്ങിവരുന്ന പലഹാരക്കടകള്‍ ആ വിശ്വാസികളെ ഉപയോഗപ്പെടുത്തി കച്ചവടം സാധിക്കുന്ന കച്ചവട തന്ത്രമല്ലാതെ വിശ്വാസത്തിന്‍െറയോ വളര്‍ച്ചയോ വൈകല്യമോ ഒന്നുമായും കണക്‌ട് ചെയ്യാനാവില്ല.

സ്കൂളുകള്‍ക്ക് സമീപത്തെ സ്റ്റേഷനറി, പുസ്തക കടകളും വില്ലേജ് ഓഫിസുകള്‍ക്ക് സമീപത്തെ ആധാരമെഴുത്ത് ഓഫിസുകളും ഗുണഭോക്താക്കളുടെ ആവശ്യം മുന്‍നിര്‍ത്തിയുള്ള വ്യാപാര തന്ത്രങ്ങളാണ്. സ്കൂളുകള്‍ക്ക് സമീപം മാംസ വില്‍പന ശാലകള്‍ വേണമെന്നും വില്ലേജ് ഓഫിസുകള്‍ക്ക് സമീപം വ്യാപകമായി തുണിക്കടകള്‍ വേണമെന്നും വാശിപിടിക്കുന്നതിലെ നിരര്‍ഥകത ആര്‍ക്കാണ്ബോധ്യമാവാത്തത്. സ്പെഷ്യലൈസേഷന്‍ എന്നത് ഇന്ന് വിപണി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഒരു കാര്യമാണ്. വിദ്യഭ്യാസത്തിലും ജോലിയിലും ആരോഗ്യമേഖലയിലുമെല്ലാം സ്പെഷലൈസേഷനെ അംഗീകരിക്കുന്ന നമുക്ക് വിപണി പലതരത്തില്‍ അതിനെ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തില്‍ തിരിച്ചറിവുവേണ്ടതുണ്ട്.

പുട്ടിനും ദോശക്കും മാത്രമായി ഹോട്ടലുകള്‍ തുറക്കുകയും അവ വന്‍ വിപണി വിജയം നേടുകയും ചെയ്യുന്ന കാലമാണിതെന്നോര്‍ക്കണം. അതിനാല്‍ കോഴിക്കോട്ടെയോ ദുബായിയിലേയോ ‘ദേ പുട്ടി’ല്‍ കയറിയിരുന്ന് എനിക്ക് നല്ല സാമ്ബാറും ചോറും വേണമെന്ന് ആവശ്യപ്പെടുകയും അത് ലഭിച്ചില്ലെങ്കില്‍ എന്തു ഭക്ഷണവും കഴിക്കാനുള്ള തന്‍െറ സ്വാതന്ത്ര്യത്തിന് എതിരുനില്‍ക്കലാണെന്നും വാദിക്കുന്നവര്‍ക്ക് അവിടെ ഇരുന്ന് വാദിക്കാമെന്നല്ലാതെ ഒരു കാര്യവും ഉണ്ടാവാന്‍ പോകുന്നില്ല. വിശ്വാസങ്ങളെ മാത്രമല്ല അക്ഷയ ത്രിതീയ പോലുള്ള അന്ധവിശ്വാസങ്ങളെയും ഉപയോഗപ്പെടുത്തിയാണ് വിപണി വിജയക്കുതിപ്പ് നടത്തുന്നതെന്ന് ഓര്‍ക്കുക.

സംഘ്പരിവാറിന്‍െറ ഇരട്ടത്താപ്പ്

ഹലാല്‍ മാംസത്തിന്, മുസ്ലിംകള്‍ തന്നെ കശാപ്പുകര്‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്ന നിബന്ധന ഇന്ത്യയിലെ ഈ തൊഴില്‍ മേഖലയില്‍ നിന്ന് അമുസ്ലിംകളെ അകറ്റുമെന്നും അതിന്‍െറ ഫലമായി തൊഴിലില്ലായ്മ ശക്തിപ്പെടുത്തുമെന്നുമാണ് സംഘ്പരിവാര്‍ നേതാക്കള്‍ പല ചാനല്‍ചര്‍ച്ചകളിലും ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇവിടെ ആരാണ് ഈ ജോലിയുടെ മേഖലയില്‍ നിയന്ത്രണം വേണമെന്ന് പറഞ്ഞിട്ടുള്ളത്? മുസ്​ലിംകള്‍ മാത്രമേ മൃഗങ്ങളെ അറുക്കാവൂ എന്നോ മാംസവിതരണം നടത്താവൂ എന്നോ ആര്‍ക്കും വാദമോ വാശിയോ ഇല്ല. മറ്റു നിയമവശങ്ങള്‍ പരിഗണിച്ച്‌ ഈ ജോലി ആര്‍ക്കും എവിടെയും എപ്പോഴും ചെയ്യാവുന്നതാണ്.

ഹലാല്‍, ഹറാം പരിഗണനകള്‍ ബാധകമല്ലാത്തവരാണ് ഈ ലോകത്ത് അതുള്ളവരേക്കാള്‍ കൂടുതല്‍ എന്നതിനാല്‍ വിപണിയും ചെറുതല്ല. അധികാരം ഉപയോഗിച്ച്‌ ഗോവധ നിരോധനത്തിനുവേണ്ടി നിയമനിര്‍മാണം നടത്തുകയും അറവുശാലകള്‍ നടത്തുന്നവരെ അടിച്ചുകൊല്ലുകയും ചെയ്യുന്നവരാണ് കശാപ്പുശാലകളിെല തൊഴില്‍ നഷ്ടത്തെക്കുറിച്ച്‌ വാചാലമാവുന്നതെന്നതാണ് ഇതിലെ വിരോധാഭാസം. മാത്രമല്ല സംഘ്പരിവാര്‍ സംഘടനകളുടെ ആള്‍ക്കൂട്ട ആക്രമങ്ങളുടെ ഫലമായി നിരവധി പേരാണ് ദിനേന രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കന്നുകാലി വില്‍പ്പന, കശാപ്പ് മേഖല ഉപേക്ഷിക്കുന്നത്. മുസ്​ലിംകളെ സംബന്ധിച്ചടത്തോളം അവരുടെ സമ്ബാദ്യവും ഹലാല്‍ ആയിരിക്കും. ഇത്​ മുന്‍നിര്‍ത്തി, ഗള്‍ഫ് രാജ്യങ്ങളിലടക്കം േജാലി ചെയ്യുന്ന തീവ്രഹിന്ദുത്വ വക്താക്കള്‍ ഹലാല്‍ ശമ്ബളം ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് പറയാന്‍ സന്നദ്ധമാവുമോ?

ഹലാലിനെതിരായ സംഘ്പരിവാര്‍ പടയൊരുക്കം രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആഴമേറിയ വിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നത് തര്‍ക്കരഹിതമാണ്. ബാബരി മസ്ജിദ് മുസ്​ലിംകള്‍ക്ക് ആരാധനാലയം എന്ന നിലക്ക് അവരുടെ ദൈനംദിന ജീവിതത്തെയോ അതില്‍ പുലര്‍ത്തേണ്ട വിശ്വാസരീതികളെയോ തദ്സംബന്ധ യുക്തികളെയോ ചോദ്യംചെയ്യുന്നതായിരുന്നില്ല. എന്നാല്‍, ഹലാല്‍ ഹേറ്റ് കാമ്ബയിനിലൂടെ, മുസ്​ലിം സാധാരണ ജീവിതംപോലും അപകടകരമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *