സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതങ്ങൾ, പോലീസുകാരൻ്റേ മുങ്ങിമരണം; തലസ്ഥാനത്ത് ക്രിക്കറ്റ് കളിച്ച് പോലീസ് ഉദ്യോഗസ്ഥർ

December 19, 2021
259
Views

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതങ്ങൾ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാൻ പോയ പോലീസുകാരൻ മുങ്ങിമരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ. കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കമാണ് ട്വന്റി-20 മത്സരത്തിൽ പങ്കെടുത്തത്. ഇത് നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റിവെക്കാമായിരുന്നു എന്ന് പോലീസ് സേനക്കിടയിൽ തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. മുങ്ങിമരിച്ച പോലീസുകാരന്റെ പോസ്റ്റുമോർട്ടം നടക്കുമ്പോൾ ക്രിക്കറ്റ് മത്സരം നടത്തിയതിലെ ഔചിത്യക്കുറവും സേനയിലെ ചിലർ ചൂണ്ടിക്കാട്ടുന്നു.

ശനിയാഴ്ച്ചയാണ് കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാൻ പോയ എസ്എപി ക്യാമ്പിലെ പോലീസുകാരൻ ബാലു മുങ്ങിമരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കുന്നതുവരെ ഈ മത്സരം നീണ്ടു.

ഇതിനുപുറമേ ആലപ്പുഴയിൽ രണ്ടു രാഷ്ട്രീയ കൊലപാതങ്ങൾ നടന്നതിന്റെ ഞെട്ടലിൽ കൂടിയാണ് കേരളം. അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്താണ് പോലീസിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായതെന്നാണ് ആക്ഷേപം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *