കുനൂര്‍: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള വിഡിയോ ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണവുമായി പോലീസ്.
നിരോധിത മേഖലയായ നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒപ്പം, ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളി ഫൊട്ടോഗ്രഫര്‍ ജോയുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനാണു പരിശോധന. ജോയ്‌ക്കൊപ്പം നാസര്‍ എന്നയാളും ഒപ്പമുണ്ടായിരുന്നു.
ഡിസംബര്‍ എട്ടിന് ഊട്ടി കാണാനെത്തിയ ജോ, കൂനൂരില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നത് കണ്ടത്. കൗതുകം തോന്നി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മൂടല്‍ മഞ്ഞിലേക്ക് ഹെലികോപ്റ്റര്‍ മറയുന്നതാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേര്‍ സ!ഞ്ചരിച്ച മി17വി 5 എന്ന ഹെലികോപ്റ്ററാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ചിരുന്നു.