വെടിയുണ്ട തലയോട്ടിതുളച്ച്‌ മറുഭാഗത്തുകൂടി പുറത്തുവന്നു; വിശദ പരിശോധനയ്ക്ക് ബാലിസ്റ്റിക് വിദഗ്ധരും

July 31, 2021
437
Views

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന യുവതിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടി. റൂറല്‍ എസ് പി കെ കാര്‍ത്തിക്കാണ് ഇക്കാര്യം അറിയിച്ചത്. മാനസയ്ക്ക് വെടിയേറ്റത് തലയുടെ ഇടതുഭാഗത്താണ്. വെടിയുണ്ട മറുഭാഗത്തുകൂടെ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് പിയുടെ നേതൃത്വത്തില്‍ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് സംഘം പരിശോധഘന നടത്തി.

കണ്ണൂര്‍ നാറാത്ത് സ്വദേശി മാനസ (24) ആണ് കൊല്ലപ്പെട്ടത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപത്തായിരുന്നു സംഭവം. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ രാഖില്‍ യുവതിയെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. മാനസയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. പ്രതി രാഖില്‍ ഒരുമാസത്തിലേറെയായി മാനസയുടെ വീടിനടുത്ത് താമസിച്ചിരുന്നു.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ ഹൗസ് സര്‍ജനായിരുന്നു മാനസ. കോളജിന് സമീപത്തെ വീട്ടിലെ മുകള്‍നിലയില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. സംഭവം നടക്കുന്ന സമയം മാനസയ്‌ക്കൊപ്പം മൂന്ന് സഹപാഠികളും വീട്ടിലുണ്ടായിരുന്നു. രഖിലിനെ കണ്ടയുടന്‍ ഭക്ഷണം കഴിക്കുകയായിരുന്ന മാനസ ക്ഷോഭിക്കുകയായിരുന്നു. നീ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു മാനസ ക്ഷുഭിതയായത്.

സംഭവം കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസിലായില്ല. പിന്നാലെ പ്രതി മാനസയെ മുറിയിലേക്ക് പിടിച്ചുവലിച്ച്‌ കൊണ്ടുപോയി. ഇതോടെ ഭയന്നുപോയ സഹപാഠികള്‍ താഴെയുള്ള വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി ഓടി. ഈ സമയത്താണ് മുകള്‍നിലയില്‍നിന്ന് പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ടത്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകള്‍നിലയിലേക്ക് ഓടിയെത്തി. ചോരയില്‍ കുളിച്ചുകിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവര്‍ മുറിയില്‍ കണ്ടത്.

രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി ദിവസങ്ങള്‍ക്ക് മുമ്ബ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്ബനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന.

രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു, വിടുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. രഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *