പൂച്ചാക്കൽ: പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വ്യാജ ഡോക്ടറെ പിടികൂടി. പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേ, സഹ ഡോക്ടറുടെ പരാതിയെ തുടർന്ന് മുങ്ങുകയായിരുന്നു. തുടർന്നാണ് പുനലൂരിലെ ആശുപത്രിയിൽ ജോലിയ്ക്ക് പ്രവേശിച്ചത്.
കന്യാകുമാരി ജില്ലയിലെ ചെറുവള്ളൂർ മാമ്പഴത്തോട്ടം വീട്ടിൽ ബിനുകുമാർ (42) ആണ് പിടിയിലായത്. 2020 ഡിസംബറിലാണ് ഇയാൾ പൂച്ചാക്കലെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഇതേ ആശുപത്രിയിലെ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോൾ ഇയാൾ മുങ്ങുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ പുനലൂരിൽ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയായ വനിതാ ഡോക്ടറുടെ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ ദുരുപയോഗം ചെയ്താണ് ഇയാൾ ഡോക്ടറായി നടന്നത്. പ്ലസ് ടു തോറ്റ ബിനുകുമാർ പൂച്ചാക്കലിൽ ജോലിക്കെത്തും മുമ്പ് എവിടെയൊക്കെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്.പി ജയദേവിന്റെ നിർദ്ദേശാനുസരണം ഡിവൈ എസ്.പി വിനോദ് പിള്ള, പൂച്ചാക്കൽ ഇൻസ്പെക്ടർ അജി വി.നാഥ്, സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ, അസി.സബ് ഇൻസ്പെക്ടർ സുനിൽ, സി.പി.ഒമാരായ അഖിൽ, അനന്തൻ, ഡ്രൈവർ സജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.