കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മൽ കെട്ടിട അപകടത്തിൽ ഒരു മരണം കൂടി. സ്ലാബ് തകർന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
സെപ്റ്റംബർ 26നായിരുന്നു അപകടം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനു സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ക്രെയിനുപയോഗിച്ച് സ്ഥാപിച്ച കോൺക്രീറ്റ് ബീം രണ്ടാം നിലയിലെ സ്ലാബിന് മുകളിലേക്ക് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികൾ തകർന്ന സ്ലാബിനുള്ളിൽപ്പെട്ടു.
സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനായി തിരുപ്പൂർ ആസ്ഥാനമായ നിർമ്മാണ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അപകടത്തിൽ രണ്ട് പേർ അന്ന് തന്നെ മരിച്ചു.
തമിഴ്നാട് സ്വദേശികളായ. കാർത്തിക്, സലീം എന്നിവരാണ് അപകട ദിവസം തന്നെ മരിച്ചത്. പരിക്കേറ്റ തങ്കരാജ് (32), ജീവാനന്ദം (22) എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.
നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ 304 എ, 308 വകുപ്പുകൾ ചുമത്തി പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. കെട്ടിട ഉടമയെയും, നിർമ്മാണ കമ്പനി അധികൃതരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിൽ തൊഴിൽ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.