ഇനി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ് ജോയിന്‍റ് ഡയറക്ടര്‍: പുതിയ പദവി സ്വീകരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്

September 28, 2021
218
Views

തിരുവനന്തപുരം: പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് ജോയിന്‍റ് ഡയറക്ടര്‍ ആയി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു പി ആർ ശ്രീജേഷ്.

കൂടുതൽ താരങ്ങളെ കേരളത്തിൽ നിന്നും ഒളിമ്പിക്സിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് ശ്രീജേഷ് പറഞ്ഞു. ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളിൽ ടർഫുകൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒളിമ്പിക്സിലെ മിന്നും നേട്ടത്തിനുശേഷം അദ്ദേഹത്തി‌ന്റെ തസ്തികയിൽ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹത്തിന്‍റെ തസ്തിക ജോയിന്‍റ് ഡയറക്ടര്‍ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ്) ആയി ഉയര്‍ത്തിയാണ് സർക്കാർ ശ്രീജേഷിനെ സ്വീകരിച്ചത്.

ഇന്ന് രാവിലെ തിരുവന്തപുരത്തെത്തിയ പി ആര്‍ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. “കേരളത്തിൻ്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് ഓഫീസിൽ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിൻ്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു”. ശ്രീജേഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയെ കണ്ടശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്വീകരണ ചടങ്ങിൽ പി ആർ ശ്രീജേഷ് പങ്കെടുത്തു. മന്ത്രി വി ശിവൻകുട്ടിയുടെ നേത‌ത്വത്തിൽ ശ്രീജേഷിനെ ആദരിച്ചു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ജീവന്‍ബാബു കെ, എന്നിവര്‍ക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Article Categories:
Kerala · Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *